
കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിന്റെ മേൽക്കൂരയും ചെന്നിത്തല വെട്ടത്തുവിള ഗവ.
എൽപി സ്കൂളിന്റെ മതിലും വീണതു കാലപ്പഴക്കത്തെ തുടർന്നാണ്. രണ്ട് അപകടങ്ങളും നടന്നത് അവധി ദിവസങ്ങളിലായിരുന്നതിനാൽ കുഞ്ഞുങ്ങൾ അപകടത്തിൽപെട്ടില്ല.
ജില്ലയിലെ സ്കൂളുകൾ എത്രത്തോളം സുരക്ഷിതമാണെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും തദ്ദേശ വകുപ്പ് എൻജിനീയർമാരുടെയും നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. ഇപ്പോഴും നമ്മുടെ സ്കൂളുകളിൽ പഴയ കെട്ടിടങ്ങളും മതിലുകളുമുണ്ട്.
അധികൃതരുടെ ശ്രദ്ധയിൽപെടേണ്ട ചില സ്കൂളുകളിലെ സാഹചര്യങ്ങൾ ചുവടെ കൊടുക്കുന്നു….
തിരുനല്ലൂർ ഗവ.
എച്ച്എസ്
തിരുനല്ലൂർ ഗവ. എച്ച്എസിലെ പഴയ കെട്ടിടം പൊളിക്കാൻ വിദ്യാഭ്യാസ വകുപ്പിനും ജില്ലാ പഞ്ചായത്തിനും അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
പഴയ കെട്ടിടത്തിൽ ക്ലാസ് നടക്കുന്നില്ലെങ്കിലും ഇതു പൊളിച്ചു മാറ്റാത്തത് അപകട സാധ്യതയാണ്.
റോഡിനോടു ചേർന്നുള്ള പഴയ കെട്ടിടമാണു പൊളിച്ചു മാറ്റേണ്ടത്. ഇതേ കെട്ടിടത്തിന്റെ കഴുക്കോൽ ഊരിവച്ചിട്ട് വർഷങ്ങളായെങ്കിലും ലേലം ചെയ്തു നീക്കാൻ നടപടി ഉണ്ടായിട്ടില്ല.
കഴുക്കോൽ സൂക്ഷിക്കുന്ന സ്ഥലത്ത് ഇഴജന്തു ശല്യവും വലയ്ക്കുന്നുണ്ട്. നിലവിൽ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ്.
ഇതിനു സമീപമുള്ള എച്ച്എസ് കെട്ടിടത്തിനു ഫിറ്റ്നസ് ഉണ്ടെങ്കിലും ചോർച്ചയും ജീർണാവസ്ഥയും കാരണം അവിടെയും ക്ലാസ് നടത്തുന്നില്ല. രണ്ടു പഴയ ശുചിമുറി കെട്ടിടവും ഉപയോഗ ശൂന്യമാണ്.
ഓഡിറ്റോറിയത്തിൽ നിന്നു കംപ്യൂട്ടർ ലാബിലേക്കുള്ള വഴിയിൽ വൈദ്യുത കേബിൾ താഴ്ന്നു കിടക്കുന്നുമുണ്ട്.
കീരിക്കാട് എൽപി സ്കൂൾ
രാമപുരം കീരിക്കാട് എൽപി സ്കൂളിന്റെ ചുറ്റുമതിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി രണ്ടു വർഷം മുൻപു പൊളിച്ചതാണ്. ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളും സർവീസ് റോഡും തമ്മിൽ ഒരു മീറ്ററിന്റെ പോലും അകലമില്ല. കുട്ടികൾ സ്കൂൾ മുറ്റത്തു കളിക്കുമ്പോൾ അടുത്തുകൂടി വാഹനങ്ങൾ പോകുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്. സ്കൂൾ മതിൽ അടിയന്തരമായി പുനർനിർമിക്കണമെന്നു വിവിധ സംഘടനകളും രക്ഷാകർത്താക്കളും പലതവണ ആവശ്യപ്പെട്ടുവെങ്കിലും അധികാരികൾ ഗൗനിക്കുന്നില്ലെന്നു പരാതിയുണ്ട്.പഞ്ചായത്താണു മതിൽ നിർമിക്കേണ്ടത്.
തൊഴിലുറപ്പ് പദ്ധതിയിൽ മതിൽ നിർമിച്ചു നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടികളായിട്ടില്ല. പഞ്ചായത്തും ദേശീയപാത അതോറിറ്റിയും ചേർന്ന് അതിർത്തി നിർണയിച്ചു നൽകിയാലേ നിർമാണം തുടങ്ങാനാകൂ. ഇതും വൈകുകയാണ്.
ചെങ്ങന്നൂർ ഗവ.
മോഡൽ എച്ച്എസ്എസ്
ചെങ്ങന്നൂർ കീഴ്ചേരിമേൽ ഗവ. ജെബിഎസ് ഉൾപ്പെടെ നാലു സ്കൂളുകൾ ലയിച്ചു ഗവ.
മോഡൽ എച്ച്എസ്എസ് ആയി മാറിയിരുന്നു. എന്നാൽ ഈ സ്കൂൾ വളപ്പിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കെട്ടിടം നിലനിർത്തിയിട്ടുണ്ട്. ഇവിടെയാണു ചെങ്ങന്നൂർ ഐസിഡിഎസിലെ 97–ാം നമ്പർ അങ്കണവാടി പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പൊട്ടിക്കിടപ്പുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ അങ്കണവാടി പ്രവർത്തിക്കുന്നതു സുരക്ഷിതമല്ലെന്നാണ് ആക്ഷേപം.
മറ്റൊരിടത്തേക്ക് അങ്കണവാടി മാറ്റി പ്രവർത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷ ശോഭ വർഗീസ് പറഞ്ഞു.
ഉളവയ്പ് ഗവ. എൽപിഎസ്
ഉളവയ്പ് ഗവ.
എൽപിഎസിലെ പാചകപ്പുരയിലെ ചോർച്ച പരിഹരിക്കണമെന്നു തൈക്കാട്ടുശേരി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നു പരാതിയുണ്ട്. സ്ഥിരമായി വെള്ളം ഇറങ്ങി കോൺക്രീറ്റിനു ബലക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്.
ഇവയെ കൂടാതെ അപകടം പതിയിരിക്കുന്ന ഒട്ടേറെ സ്കൂളുകൾ ഇനിയുമുണ്ട്.
ഇപ്പോൾ നടക്കുന്ന പരിശോധനകളെങ്കിലും ഫലപ്രദമാകുമെന്നാണു രക്ഷാകർത്താക്കളുടെ പ്രതീക്ഷ. സ്ഥലം കൂടുതലുള്ള പല സ്കൂളുകളുടെയും പരിസരത്തു കാട് രൂപപ്പെടുന്നതും പതിവാണ്.
സ്കൂൾ തുറക്കുന്നതിനു മുൻപു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കിയാലും മഴ പെയ്യുന്നതോടെ പുല്ല് വീണ്ടും വളരും. ഇതിനുള്ളിൽ പാമ്പ് ഉൾപ്പെടെ ഇഴജന്തുക്കളുടെ ഭീതിയും പല സ്കൂളുകളിലും ഉന്നയിക്കുന്നുണ്ട്.
വലിയ വളപ്പാകെ വൃത്തിയാക്കാൻ അധ്യാപകർ സ്വന്തം കയ്യിൽ നിന്നു പണം മുടക്കണമെന്നാണു പലയിടത്തെയും സ്ഥിതി.
പുതിയ കെട്ടിടങ്ങൾ വലിയ കുട്ടികൾക്ക്
ഏതാനും വർഷങ്ങളിലായി പുതിയ ഒട്ടേറെ സ്കൂൾ കെട്ടിടങ്ങൾ ജില്ലയിൽ നിർമിക്കപ്പെട്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്കുമാണ്. ഒരേ വളപ്പിൽ തന്നെ എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽ ഏറ്റവും പഴക്കമേറിയ കെട്ടിടത്തിൽ എൽപി ക്ലാസുകളാണു നടക്കുന്നത്.
അപകടഭീഷണിയുള്ള കെട്ടിടങ്ങളിൽ കൊച്ചുകുട്ടികളെ ഇരുത്തേണ്ടി വരുന്നതിൽ രക്ഷാകർത്താക്കൾക്കും പ്രതിഷേധമുണ്ട്. മിക്ക സ്കൂൾ കെട്ടിടങ്ങൾക്കു വർഷത്തിൽ ഒരിക്കൽ മാത്രം അറ്റകുറ്റപ്പണി നടത്താറുള്ളൂ. ഏറെ പഴക്കമുള്ള കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുണ്ടായാലും പ്രവേശനോത്സവത്തിനു മുൻപുള്ള പണികൾക്കൊപ്പമാണ് അതും തീർപ്പാക്കുക.
ജില്ലയിൽ മേൽക്കൂര തകർന്നു വീണ കാർത്തികപ്പള്ളി ഗവ. യുപി സ്കൂൾ കെട്ടിടത്തിന് 150 വർഷത്തോളം പഴക്കവും ചെന്നിത്തല വെട്ടത്തുവിള ഗവ.
എൽപി സ്കൂളിന്റെ മതിലിനു 40 വർഷം പഴക്കവുമുണ്ടായിരുന്നു.
സ്കൂളുകളിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ ഉടൻ പൊളിക്കണം: മന്ത്രി
ജില്ലയിലെ സ്കൂളുകളിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കണമെന്നു മന്ത്രി പി.പ്രസാദ്. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ടു മന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാതല യോഗത്തിലാണ് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയത്.
സ്കൂൾ പരിസരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും ദുരന്തനിവാരണ നിയമം അനുസരിച്ച് ഉടൻ മുറിച്ചു നീക്കണം. സ്കൂൾ പരിസരത്തെ അപകടകരമായ വൈദ്യുത ലൈനുകൾ നീക്കാനും സുരക്ഷാവേലി ഇല്ലാത്ത ട്രാൻസ്ഫോമറുകൾക്കു ചുറ്റും വേലി സ്ഥാപിക്കാനും കെഎസ്ഇബി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
സ്കൂൾ പരിസരത്തെ ഉപയോഗശൂന്യമായ കെട്ടിടങ്ങളിൽ കുട്ടികൾ പ്രവേശിക്കാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.
ഇതു തഹസിൽദാർമാർ ഉറപ്പാക്കണം. ഉപയോഗശൂന്യമായ കെട്ടിടങ്ങളുടെ പട്ടികയെടുത്ത് അവിടങ്ങളിൽ ക്ലാസ് നടക്കുന്നില്ല എന്നുറപ്പാക്കാൻ മന്ത്രി തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എൻജീനീയർമാർക്കു നിർദേശം നൽകി.
സ്കൂൾ പരിസരങ്ങളിൽ അപകട സാഹചര്യങ്ങൾ ഇല്ലെന്നുറപ്പാക്കാൻ പ്രധാനാധ്യാപകരും പിടിഎയും തദ്ദേശസ്ഥാപന– വിദ്യാഭ്യാസ വകുപ്പ് അധികൃതരും ചേർന്നു പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ 760 സ്കൂളുകളിൽ 714 സ്കൂളുകൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റും 46 സ്കൂളുകൾക്കു താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത പറഞ്ഞു.
2150 അങ്കണവാടികളിൽ 2074 എണ്ണത്തിനു ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട്. തോമസ് കെ.തോമസ് എംഎൽഎ, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ സി.പ്രേംജി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]