ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് 98.46 കോടി രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി 98.46 കോടി അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. അംബ്രല്ല വർക്കിന്റെ (ഫേസ്-III) ഭാഗമായി, പ്ലാൻ ഹെഡ്-53 (CAP) പ്രകാരമുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി റെയിൽവേ ബോർഡിന്റെ ധനകാര്യ വിഭാഗം അംഗീകാരം നൽകി.സിആർആർഎം 0.50 കോടി, യൂട്ടിലിറ്റി ഷിഫ്റ്റിങ് 0.90 കോടി, ഫർണിച്ചർ 0.92 കോടി, ആർട്ട് വർക്ക് 0.23 കോടി, ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷൻ 0.09 കോടി, വിശദമായ ഡിസൈൻ ചാർജുകൾ 0.90 കോടി, അനിശ്ചിത ചെലവുകൾ 0.93 കോടി, ഡിപ്പാർട്മെന്റൽ ചാർജുകൾ 4.94 കോടി എസ്ഡിഎഫ് 0.09 കോടി എന്നിങ്ങനെയാണു ചെലവുകളുടെ വിഭജനം.
പദ്ധതി വേഗത്തിൽ നടപ്പാക്കാൻ വേണ്ടിയുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതിനായി സതേൺ റെയിൽവേ ജനറൽ മാനേജർക്കും ബന്ധപ്പെട്ട ധന, ഓഡിറ്റ് വിഭാഗങ്ങൾക്കുമായി ഔദ്യോഗിക അനുമതി ഉത്തരവ് ലഭിച്ചിട്ടുണ്ട്. നവീകരണ പദ്ധതിയിൽ ചെങ്ങന്നൂർ സ്റ്റേഷനിൽ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ആധുനിക ടിക്കറ്റിങ് സംവിധാനങ്ങൾ, മെച്ചപ്പെട്ട കാത്തിരിപ്പ് ഹാളുകൾ എന്നിവ ഒരുക്കും.പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി ഓൺലൈനായി ശിലാസ്ഥാപനം നടത്തിയ പദ്ധതിയിൽ രണ്ടുതവണ ഡിപിആർ, ഡിസൈൻ, പ്ലാൻ എന്നിവയിൽ മാറ്റം വരുത്തിയിരുന്നു.
ആദ്യം 222 കോടി രൂപ ആയിരുന്നത് പിന്നീട് 160 കോടിയായി കുറയ്ക്കുകയും ചെയ്തിരുന്നു. പുതുക്കിയ ഡിപിആർ പ്രകാരം ഇപ്പോൾ 98.46 കോടി രൂപയുടെ പദ്ധതിയായിട്ടാണ് അന്തിമ അംഗീകാരം ലഭ്യമായത്.റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ അന്തിമ അംഗീകാരം വൈകുന്നതു സംബന്ധിച്ച് നേരത്തെ പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് അടിയന്തരമായി പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകിയിരുന്നെന്നും കൊടിക്കുന്നിൽ പറഞ്ഞു.