ആലപ്പുഴ∙ പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ശീതീകരിച്ച മാംസം, മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ച ഉത്തരവിൽ ശീതീകരിച്ച മാംസത്തിന് ഇളവ് അനുവദിക്കണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) ജില്ലാ കമ്മിറ്റി. ഹോട്ടലുകളിലെത്തി നിരോധനമുണ്ടെന്നും ഉത്തരവ് പാലിക്കണമെന്നും അറിയിച്ചിരുന്നെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ കോഴിയിറച്ചി വിഭവങ്ങൾ വിൽക്കുന്നതു തടഞ്ഞെന്നും ഭക്ഷണം കഴിക്കാൻ എത്തിയവരെ ഇറക്കിവിട്ടെന്നും ഹോട്ടൽ ഉടമകൾ ആരോപിച്ചു.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച 9 പഞ്ചായത്തുകൾക്കു പുറമേ 33 പഞ്ചായത്തുകളും രണ്ടു നഗരസഭകളുമാണു നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നത്. നിരോധന ഉത്തരവ് പ്രകാരം ആലപ്പുഴ, ഹരിപ്പാട് നഗരങ്ങളിലും ആലപ്പുഴ മുതൽ തെക്കോട്ടുള്ള ദേശീയപാതയോരത്തും കോഴി, താറാവ് ഇറച്ചി വിഭവങ്ങൾ വിൽക്കാനാകില്ല. എന്നാൽ മുൻ വർഷങ്ങളിൽ പക്ഷിപ്പനിയെ തുടർന്ന് ഏർപ്പെടുത്തുന്ന നിരോധനങ്ങളിൽനിന്നു ശീതീകരിച്ച മാംസം ഒഴിവാക്കിയിരുന്നു.
കോഴി ഇറച്ചി ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നാൽ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും കച്ചവടം കുറയുമെന്നും നിരോധനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കലക്ടർ അലക്സ് വർഗീസിന് ഇന്നു കത്തു നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. കോഴിയിറച്ചി വിഭവങ്ങൾ വിൽക്കരുതെന്ന അറിയിപ്പ് ഇന്നലെയാണു ലഭിച്ചത്.
നിലവിലെ നിരോധനം അവസാനിക്കാറായെങ്കിലും നീട്ടാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ നാളെ മുതൽ കടകൾ അടച്ചിട്ടു സമരം ചെയ്യുമെന്നും കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി എസ്.മനാഫ് പറഞ്ഞു. നാലു സംഘങ്ങളായി തിരിഞ്ഞാണു ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിത മേഖലകളിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്.
പക്ഷിപ്പനി: അണുനശീകരണം ഇന്നുമുതൽ
ആലപ്പുഴ∙ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിങ് നടത്തിയയിടങ്ങളിൽ ഇന്നു മുതൽ അണുനശീകരണം ആരംഭിക്കും. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ചു നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ചു കളയുകയാണു ചെയ്തത്.
ഈ സ്ഥലങ്ങളിൽ ഇന്നു പ്രത്യേക സംഘമെത്തി അണുനശീകരണം നടത്തും. ജില്ലയിൽ ആകെ 24,309 വളർത്തുപക്ഷികളെ കള്ളിങ്ങിനു വിധേയമാക്കിയിട്ടുണ്ട്.
തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിങ് നടത്തിയത്. അതേസമയം ചേർത്തലയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ മറ്റൊരിടത്തും ചത്തുവീണ പക്ഷികളുടെ പരിശോധനാഫലം വന്നിട്ടില്ല.
ജില്ലയിൽ മറ്റെവിടെയും പക്ഷികൾ ചത്തുവീഴുന്നതായി വിവരമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

