തുറവൂർ∙ ക്ഷേത്രത്തിൽ കയറിയ മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു നാട്ടുകാർ പിടികൂടി കൈകൾ കൂട്ടിക്കെട്ടി പൊലീസിനു കൈമാറിയ യുവാവിനെ പൊലീസ് വിട്ടയച്ചശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് മേനാശേരി തെക്കേപ്പറമ്പിൽ നികർത്തിൽ ദാസന്റെ മകൻ സമ്പത്തിന്റെ(38) മൃതദേഹം തുറവൂർ ടിഡി ക്ഷേത്രത്തിലെ ആറാട്ടുകുളത്തിൽ ഇന്നലെ രാവിലെയാണു കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു.
ക്ഷേത്രത്തിലുണ്ടായ സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ചിലർ മോഷ്ടാവിനെ പിടികൂടി എന്ന തരത്തിൽ ഇതു വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
26ന് വൈകിട്ടാണു തുറവൂർ മഹാക്ഷേത്ര ശ്രീകോവിലിലേക്കു കയറിയ സമ്പത്തിനെ മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ച് എല്ലാവരും ചേർന്നു പിടികൂടിയത്. തുടർന്നു കൈകൾ കൂട്ടിക്കെട്ടി പൊലീസിനു കൈമാറി. സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ യുവാവ് കയർത്തു സംസാരിച്ചപ്പോൾ മുഖത്ത് അടിച്ചെന്ന് ആരോപണമുയർന്നെങ്കിലും പൊലീസ് ഇതു നിഷേധിച്ചു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്നു രാത്രി തന്നെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചെന്നും കുത്തിയതോട് എസ്എച്ച്ഒ: അജയമോഹൻ പറഞ്ഞു. പിറ്റേന്നു പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ സമ്പത്ത് മടങ്ങിവന്നില്ല.
ബന്ധുക്കൾ നൽകിയ പരാതിയിൽ പട്ടണക്കാട് പൊലീസ് അന്വേഷിച്ചെങ്കിലും വിവരം കിട്ടിയില്ല.
ഇന്നലെ രാവിലെയാണു ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടത്. മുങ്ങിമരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംസ്കാരം നടത്തി.മേസ്തരിപ്പണിയടക്കം എല്ലാ ജോലികൾക്കും സമ്പത്ത് പോയിരുന്നെന്നും ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങുന്ന സ്വഭാവമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. സമ്പത്തിനെ മോഷ്ടാവാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
സുശീലയാണു മാതാവ്. സഹോദരങ്ങൾ: ജീവൻദാസ്, കീർത്തിദാസ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

