
ആലപ്പുഴ ∙ ഇന്നത്തെ പകലിനപ്പുറം വേമ്പനാട്ടു കായലിൽ പുന്നമടയിലെ നെട്ടായം ഉണരും. നാളെയാണു നെഹ്റു ട്രോഫി വള്ളംകളി.
കായലിന്റെ 1150 മീറ്റർ നീളം നാലു ട്രാക്കുകളായി ചാലുകീറി വെള്ളത്തിലെ കരിവീരൻമാർ കുതിച്ചുപായും. കരകളിൽ പൂരാവേശമുണരും.രാവിലെ 11 മുതലാണു മത്സരങ്ങൾ.
ഇത്തവണ 21 ചുണ്ടൻവള്ളങ്ങൾ മത്സരിക്കുന്നുണ്ട്.
ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങൾ.ഉച്ചകഴിഞ്ഞു രണ്ടു മണിക്കു ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.
ചെറുവള്ളങ്ങളുടെ ഹീറ്റ്സാണു രാവിലെ നടക്കുക. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും.
ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ 4 മണിക്ക്. മികച്ച സമയം കുറിക്കുന്ന 4 ചുണ്ടൻവള്ളങ്ങളാണു നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനലിൽ പോരാടുക.
വള്ളങ്ങൾ ഫിനിഷ് ചെയ്ത സമയം മില്ലി സെക്കൻഡ് വരെ രേഖപ്പെടുത്തും.
ഒന്നിലേറെ വള്ളങ്ങൾ ഒരേസമയം കുറിച്ചാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. പാസ് ഉള്ളവർക്കു മാത്രമാണു വള്ളംകളി കാണാൻ ഗാലറികളിൽ പ്രവേശനം.
വള്ളംകളി പ്രമാണിച്ചു കൂടുതൽ ബസ്, ബോട്ട് സർവീസുകൾ ഉണ്ടാകും.
നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ചു നാളെ രാവിലെ 8 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ 6 മുതൽ നഗരത്തിലെ ഒരു റോഡിലും പാർക്കിങ് അനുവദിക്കില്ല.
അനധികൃതമായി പാർക്ക് ചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കും.
നാളത്തെ പാർക്കിങ് ഇങ്ങനെ
∙ വള്ളംകളി കാണാൻ ആലപ്പുഴ – തണ്ണീർമുക്കം റോഡിലൂടെയും എറണാകുളം ഭാഗത്തുനിന്നു ദേശീയപാതയിലൂടെയും എത്തുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവന്റ് സ്ക്വയർ വഴി ആലപ്പുഴ ബീച്ച്, പൊലീസ് പരേഡ് ഗ്രൗണ്ട്, കനാൽ തീരത്തുള്ള റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ∙ ചങ്ങനാശേരി ഭാഗത്തുനിന്നു കൈതവന ജംക്ഷനിലൂടെ എത്തുന്നവ പഴവീട് സ്കൂൾ ഗ്രൗണ്ട്, കാർമൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙ ദേശീയപാതയിലൂടെ കൊല്ലം, കായംകുളം ഭാഗത്തുനിന്നു വരുന്നവ– കളർകോട് ചിന്മയ സ്കൂൾ ഗ്രൗണ്ടിലും സ്കൂളിനു മുന്നിൽ റോഡിലും എസ്ഡി കോളജ് ഗ്രൗണ്ടിലും നിർത്തിയിടണം.
∙ കളർകോട്, പഴവീട് ഭാഗങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കു കൈതവന, പഴവീട് വഴി ബസ് സ്റ്റാൻഡിലേക്കു കെഎസ്ആർടിസി ഫീഡർ സർവീസ്.
∙ ബീച്ചിലും പൊലീസ് പരേഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യുന്നവർക്കു ബസ് സ്റ്റാൻഡിലേക്കു ഫീഡർ സർവീസ്. ∙ രാവിലെ 9 മുതൽ രാത്രി 8 വരെ ഹെവി കണ്ടെയ്നർ, ട്രെയ്ലർ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കരുത്.
തെക്കു ഭാഗത്തുനിന്നെത്തുന്നവ കളർകോട് ബൈപാസിലും വടക്കു നിന്നുള്ളവ കൊമ്മാടി ബൈപാസിലും പാർക്ക് ചെയ്യണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]