
വിളവെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ; നെല്ലുസംഭരണം വൈകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടനാട് ∙ വിളവെടുത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭരണം നടക്കുന്നില്ല. കർഷകർ ദുരിതത്തിൽ. വെളിയനാട് കൃഷിഭവൻ പരിധിയിലെ തൈപ്പറമ്പ് തെക്ക് പാടശേഖരത്തിലെ കർഷകരാണു ദിവസങ്ങളായി ദുരിതത്തിൽ കഴിയുന്നത്. കൊയ്തെടുത്ത നെല്ല് പാടത്ത് ദിവസങ്ങളായി കിടന്നിട്ടും നെല്ല് സംഭരണ നടത്താനോ കർഷകരുടെ പരാതി പരിഹരിക്കാനോ പാഡി ഉദ്യോഗസ്ഥർ എത്തിയില്ലെന്നും നെല്ല് പരിശോധിച്ചിട്ടില്ലെന്നും കർഷകർ ആരോപിച്ചു. അതേസമയം മില്ല് ഏജന്റുമാർ ഒരു ക്വിന്റൽ നെല്ല് സംഭരിക്കാൻ മൂന്നര കിലോ വരെ കിഴിവ് ആവശ്യപ്പെട്ടതോടെ കർഷകർ നെല്ല് വിൽക്കാൻ തയാറായില്ല.
ഒരേക്കറിൽ നിന്നു 30 ക്വിന്റൽ വരെ വിളവു ലഭിച്ച പാടശേഖരത്തിൽ ഗുണനിലവാരമുള്ള നെല്ലാണുള്ളതെന്നു കർഷകർ പറഞ്ഞു. വേനൽമഴ പെയ്യുന്നതിനാൽ വിളവെടുത്ത നെല്ല് സംരക്ഷിക്കാൻ സമയവും അധിക പണവും ചെലവഴിക്കുകയാണു കർഷകർ. നെല്ല് സംഭരിക്കാത്ത നടപടിയിലും അമിത കിഴിവ് ആവശ്യപ്പെട്ടതിലും പ്രതിഷേധിച്ചു സമര പരിപാടികൾ നടത്താൻ ഇന്നലെ ചേർന്ന കർഷകരുടെ യോഗത്തിൽ തീരുമാനിച്ചു. നെല്ലു നിറച്ച ചാക്കുമായി എസി റോഡ് ഉപരോധിക്കുന്നത് അടക്കമുള്ള സമരം നടത്താനാണു തീരുമാനം.