ആലപ്പുഴ∙ ശക്തമായ മഴയിലും കാറ്റിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്.
വിവിധയിടങ്ങളിൽ വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണു. വൈദ്യുതി പോസ്റ്റുകളിലേക്ക് മരങ്ങൾ വീണതിനെത്തുടർന്ന് ചിലയിടങ്ങളിൽ വൈദ്യുതിയും മുടങ്ങി.ഇന്നലെ രാവിലെ ഒൻപത് മണിയോടെ കൈചൂണ്ടി വടക്ക് പെട്രോൾ പമ്പിൽ ഡീസൽ അടിക്കാനെത്തിയ ഓട്ടോറിക്ഷയുടെയും ബൈക്കിന്റെയും മുകളിലേക്ക് പമ്പിന്റെ മേൽക്കൂരയുടെ ഷീറ്റും കമ്പികളും ഇളകി വീണു.
ഓട്ടോഡ്രൈവർ തലവടി മൂരിക്കുളം സന്തോഷ്(52)ന് പരുക്കേൽക്കുകയും ചെയ്തു.
സന്തോഷിന്റെ ഓട്ടോയുടെ മുകൾഭാഗം തകർന്നു. പരുക്കേറ്റ സന്തോഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയ്ക്ക് 2.30നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചുങ്കം കണ്ണിട്ടപറമ്പ് അൻസാരിയുടെ വീടിനു മുകളിലേക്കു സമീപത്തു നിന്ന മൂന്ന് ആഞ്ഞിലി മരങ്ങൾ കടപുഴകി വീണു.
വീടിന്റെ കുറച്ചു ഭാഗം ഓടും ബാക്കി കോൺക്രീറ്റുമായിരുന്നു.
ഓടിട്ടു മേഞ്ഞ രണ്ടു മുറികളുടെ മുകളിലേക്കാണു മരം വീണത്.ഈ മുറികളിൽ വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഈ മുറികളുടെ ഓടും കഴുക്കോലും സീലിങ്ങും തകർന്നു വീഴുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു.നഗരത്തിൽ പാലസ് വാർഡ് അതുല്യ ബേക്കറിക്കു സമീപം റോഡരികിൽ നിന്ന മരം ഒടിഞ്ഞു വീണു.
വൈദ്യുതി പോസ്റ്റിലേക്ക് മരം വീണതിനെത്തുടർന്നു പ്രദേശത്തു ഭാഗികമായി വൈദ്യുതി മുടങ്ങി.തുമ്പോളി മാതാ സ്കൂളിനു സമീപം, വെറ്റക്കാരൻ ജംക്ഷൻ, വനിതാ സ്റ്റേഷനു സമീപം, കലക്ടറേറ്റ് ജംക്ഷനു സമീപത്തെ റെയിൽവേ ക്രോസ് എന്നിവിടങ്ങളിലെല്ലാം മരങ്ങൾ ഒടിഞ്ഞു വീണു.
ആലപ്പുഴ അഗ്നിരക്ഷാ സേനാംഗങ്ങൾ വിവിധ സ്ഥലങ്ങളിലെത്തി മരങ്ങൾ മുറിച്ചു മാറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

