തുറവൂർ∙ അരൂർ–തുറവൂർ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കാന നിർമിക്കുന്നതിനിടെ എൻസിസി റോഡിനു സമീപം ശുദ്ധജല പൈപ്പ് പൊട്ടിയത് പരിഹരിച്ച് പമ്പിങ് തുടങ്ങി. മണിക്കൂറുകൾക്കകം വീണ്ടും കോടംതുരുത്തിൽ പൈപ്പ് പൊട്ടി. ഇതോടെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം 30വരെ വീണ്ടും മുടങ്ങും.
ഇത്തവണയും പൈപ്പ് പൊട്ടാൻ കാരണം കാന നിർമാണത്തിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുഴിയെടുത്തപ്പോഴായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
450 എംഎം വ്യാസമുള്ള ജിആർപി പൈപ്പാണ് കോടംതുരുത്തിൽ പൊട്ടിയത്. എൻസിസി റോഡിനു സമീപം കഴിഞ്ഞ 23ന് രാത്രിയിൽ പൊട്ടിയ പൈപ്പാണ് നന്നാക്കിയ ശേഷം വീണ്ടും പൊട്ടിയത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ചെലവുവഹിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്.
എന്നാൽ 5 മാസത്തിനു മുൻപ് കോടംതുരുത്തിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയ ഇനത്തിൽ കരാറുകാരന് പണം നൽകാനുള്ള കാരണത്താൽ എൻസിസി റോഡിന് സമീപമുള്ള പൈപ്പിലെ അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ കരാറുകാരൻ വിമുഖത കാട്ടുകയും പിന്നീട് ദേശീയപാത അതോറിറ്റിയുമായി നടത്തിയ ചർച്ചയിൽ പണം നൽകാമെന്ന ഉറപ്പിൽ ഒരു ദിവസത്തിന് ശേഷമാണ് അറ്റകുറ്റപ്പണി നടത്തിയത്.
26ന് രാത്രിയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി 27ന് പമ്പിങ് തുടങ്ങി മണിക്കൂറുകൾക്കകമാണ് വീണ്ടും പൈപ്പ് പൊട്ടിയത്.ഇതോടെ പമ്പിങ് നിർത്തിവച്ചു അറ്റകുറ്റപ്പണി പൂർത്തിയാക്കി 30ന് പമ്പിങ് ആരംഭിക്കുമെന്നാണ് ജല അതോറിറ്റി പറയുന്നത്.
അടിക്കടി പൈപ്പ് പൊട്ടുന്നത് അരൂർ മണ്ഡലത്തിലെ മുപ്പതിനായിരത്തിലേറെ ഗുണഭോക്താക്കളെ ബാധിക്കുന്നുണ്ട്. ദേശീയ പാതയുടെ നിർമാണം നടക്കുന്നയിടങ്ങളിൽ ജല അതോറിറ്റിയുടെയും ദേശീയപാത അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതാണ് അടിക്കടി പൈപ്പ് പൊട്ടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]