
മാന്നാർ ∙ 59 ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം സെപ്റ്റംബർ 1ന് 2ന് പമ്പാനദിയിലെ കൂര്യത്തു കടവ് മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ട്രാക്കിന്റെ നീളം 300 മീറ്റർ കുറച്ചു. നെഹ്റു ട്രോഫി മത്സരങ്ങളിലെ ജേതാക്കളടക്കം മുൻപന്തിയിൽ നിൽക്കുന്ന 12 ചുണ്ടൻവള്ളങ്ങളും 9 ഒന്നാം ഗ്രേഡ് വെപ്പുവള്ളങ്ങളും ഉൾപ്പെടെ അൻപതിലേറെ കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
തിരുവോണത്തിനു 4 ദിവസം മുൻപ് നടക്കുന്ന മത്സര വള്ളംകളിയാതിനാൽ ഏറെ പ്രത്യേകതയും മാറ്റങ്ങളുമായിട്ടാണ് ഇക്കുറി സംഘാടകർ ഒരുക്കിയിരിക്കുന്നത്. വിവിഐപി പവിലിയൻ കൂടാതെ മറ്റൊരു താൽക്കാലിക പവലിയനും വിശിഷ്ടാതിഥികൾക്കായി നിർമിക്കുന്നുണ്ട്.
നെട്ടയത്തിലെ വലിയ വളവും തൽഫലമായി ഉണ്ടാകാവുന്ന ഒഴുക്കിനും പരിഹാരമായി ട്രാക്കിന്റെ നീളം 300 മീറ്റർ കുറച്ച് മുന്നോട്ട് നീക്കിയാണ് ഇത്തവണ സ്റ്റാർട്ടിങ് പോയിന്റ് ക്രമീകരിച്ചിരിക്കുന്നത്.
വള്ളം ചൂടിക്കുന്നതും ഫൈനലിലെ തർക്കങ്ങൾ ഒഴിവാക്കാനും ഇതു ഏറെ സഹായകമാകും. മത്സരത്തിൽ ഒന്നാമത് എത്തുന്ന ചുണ്ടൻ വള്ളത്തിന് മഹാത്മാഗാന്ധി ട്രോഫിയും ഒന്നാമത് എത്തുന്ന എ ഗ്രേഡ് വെപ്പ് വെള്ളത്തിന് ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ഓണക്കാല ജലമേളയ്ക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയായതിനാൽ മഹാത്മ പവിലിയനോടു ചേർന്ന് വിവിധ ദിവസങ്ങളിലായി വടംവലി, കസേരകളി, അത്തപ്പൂവിടൽ, വഞ്ചിപ്പാട്ട്, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
മാസ്ഡ്രില്ലിൽ പങ്കെടുക്കാതിരിക്കുകയോ മത്സരത്തിൽ വള്ളം ചൂടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ബോണസ് തുകയുടെ 50% വെട്ടിക്കുറയ്ക്കുന്ന നടപടികളും സ്വീകരിക്കും.
വള്ളങ്ങളുടെ റജിസ്ട്രേഷൻ ഇന്ന് ഉച്ചയ്ക്ക് 12 വരെയാകും. വൈകിട്ട് 4ന് ജോഡി തിരിച്ചുളള നറുക്കെടുപ്പും ട്രാക്കും ഹീറ്റ്സും നിശ്ചയിക്കലും നടത്തുമെന്ന് ജനറൽ കൺവീനർ എൻ.
ഷൈലാജ്, ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ, ഐപ്പ് ചക്കിട്ട, സോമരാജൻ, അജോയ് കടിപ്പിലാരി എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]