
മാവേലിക്കര ∙ ഹൈക്കോടതി ഉത്തരവനുസരിച്ചു മിച്ചൽ ജംക്ഷൻ വികസനത്തിനായി ചുമതലപ്പെടുത്തിയ കൊച്ചി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് പ്രതിനിധികൾ സ്ഥലത്തെത്തി പഠനം തുടങ്ങി. ഡവലപ്മെന്റ് ഓഫിസർ സി.പി.ബിജു, റിസർച് അസോഷ്യേറ്റുമാരായ മരിയ കെൻസി, അഭിജിത് ലാൽ, കെ.ഒ.വർഗീസ്, വി.എസ്.വിനയൻ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടക്കുന്നത്. എം.എസ്.അരുൺകുമാർ എംഎൽഎ സ്ഥലത്തെത്തി ഏജൻസി പ്രതിനിധികളെ കണ്ടു.
നിശ്ചിത സമയപരിധിക്കുള്ളിൽ പഠനറിപ്പോർട്ട് സമർപ്പിക്കാൻ ക്രമീകരണം ചെയ്യണമെന്നു നിർദേശിച്ചു. മിച്ചൽ ജംക്ഷൻ വികസന പദ്ധതി അശാസ്ത്രീയവും ഭാവിവികസനം ലക്ഷ്യമാക്കി ഉള്ളതല്ലെന്നും പുനഃപരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തികൾ നൽകിയ ഹർജി പരിഗണിച്ച് വിദഗ്ധ ഏജൻസിയെക്കൊണ്ട് സാമൂഹിക പ്രത്യാഘാത പഠനം വീണ്ടും നടത്താൻ ഹൈക്കോടതി ജഡ്ജി വിജു ഏബ്രഹാം കഴിഞ്ഞ ജൂലൈയിൽ ഉത്തരവായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു കൊച്ചി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിനെ പഠനം നടത്താനായി കലക്ടർ നിയോഗിച്ചത്.
45 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. വിദഗ്ധ ഏജൻസി വേണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നു സംസ്ഥാന പാനലിൽ ഉൾപ്പെട്ട
ഏജൻസിയെയാണു പഠനത്തിനായി നിയോഗിച്ചിരിക്കുന്നത്. മുൻ എംഎൽഎ ആർ.രാജേഷിന്റെ നിർദേശപ്രകാരം 2017-18 ലെ സംസ്ഥാന ബജറ്റിലാണ് 25 കോടി രൂപ ചെലവുള്ള പദ്ധതി ഉൾപ്പെടുത്തിയത്.
2018 സെപ്റ്റംബറിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തിക്കല്ലുകൾ സ്ഥാപിക്കൽ 2020 ജനുവരിയിൽ പൂർത്തീകരിച്ചു. കൊല്ലം ജില്ലയിലുള്ള ഒരു ഏജൻസിയാണ് ആദ്യം സാമൂഹിക പ്രത്യാഘാത പഠനം നടത്തിയത്.
ഇതിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നപ്പോൾ കൊഴുവല്ലൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വിദഗ്ധ സമിതി അംഗീകരിച്ച രണ്ടാമത്തെ റിപ്പോർട്ടും തള്ളിയാണു മൂന്നാമതു പഠനം നടത്തുന്നത്.
മാവേലിക്കര വില്ലേജിലെ 20, 21, 54, 55, 66, 67 ബ്ലോക്കുകളിലെ വിവിധ സർവേ നമ്പറുകളിലെ 115 പുരയിടങ്ങളും 3 പുറമ്പോക്കും ഉൾപ്പെടുന്ന 57.08 ആർ സ്ഥലം ഏറ്റെടുക്കാനാണു പദ്ധതി.
മിച്ചൽ ജംക്ഷനിൽ നിന്നു വടക്കോട്ട് 80, തെക്കോട്ട് 140, പടിഞ്ഞാറോട്ട് 110, കിഴക്കോട്ട് 210 മീറ്റർ ദൂരത്തിലാണ് വീതി കൂട്ടുന്നത്. പദ്ധതിക്കായി അനുവദിച്ച 25 കോടിയിൽ 22.5 കോടിയും ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകാനാണ്.
വസ്തു ഉടമസ്ഥർക്കു 2013 ലെ ഭൂമി ഏറ്റെടുക്കൽ അവകാശ നിയമം ഒന്നാം ഉപവകുപ്പ് അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും പുനഃസ്ഥാപനവും ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]