
പൂച്ചാക്കൽ ∙ പള്ളിപ്പുറം വ്യവസായ വികസന കേന്ദ്രത്തിലെ ഫുഡ്പാർക്കിലെ ചില സ്ഥാപനങ്ങളിൽ നിന്നു മലിനജലം സമീപത്തെ വാഴത്തറ തോട്ടിലേക്ക് ഒഴുക്കിയ സംഭവത്തെ തുടർന്ന് വ്യവസായ വികസന വകുപ്പിന്റെ നേതൃത്വത്തിൽ തോട് വൃത്തിയാക്കൽ നടപടികളുടെ ആദ്യഘട്ടം പൂർത്തിയായി. പള്ളിപ്പുറം പഞ്ചായത്ത് 16,17 വാർഡിന്റെ ഭാഗങ്ങളിലൂടെയാണ് തോട് കടന്നുപോകുന്നത്.
രണ്ടു വാർഡിന്റെ ഭാഗങ്ങളിലെയും ആദ്യഘട്ട വൃത്തിയാക്കൽ നടന്നു.
നിലവിലുണ്ടായിരുന്ന അഴുക്കുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരി മാറ്റുകയും നീരൊഴുക്കിനുള്ള തടസ്സങ്ങൾ നീക്കുകയുമാണ് ചെയ്തത്. ഇനി ശുദ്ധജലം പമ്പ് ചെയ്ത് തോടിന്റെ രണ്ടാംഘട്ട
വൃത്തിയാക്കലും പിന്നീട് ക്ലോറിനേഷനും നടത്തുന്നതിനാണ് തീരുമാനം.
ഇന്നലെ 17–ാം വാർഡിലെയും ചൊവ്വാഴ്ച 16–ാം വാർഡിലെയും ഭാഗങ്ങളാണ് വൃത്തിയാക്കിയത്. പഞ്ചായത്ത് അംഗങ്ങളായ ഷിൽജ സലിമിന്റെയും നൈസി ബെന്നിയുടെയും സാന്നിധ്യത്തിലാണ് പ്രവൃത്തികൾ നടന്നത്.
അതേസമയം മലിനജലം കായലിലേക്ക് പോകുന്നത് മത്സ്യബന്ധനത്തിന് ഭീഷണിയാണെന്ന ആരോപണവും ഉയർന്നു. ഫുഡ്പാർക്കിലെ ചില സ്ഥാപനങ്ങളിൽ നിന്നു മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നെന്ന പരാതി വർഷങ്ങളായുള്ളതാണ്. ദുർഗന്ധം മൂലം വീടുകളുടെ വാതിലും ജനലും എപ്പോഴും അടച്ചിടേണ്ട
അവസ്ഥയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കഴിഞ്ഞദിവസം പള്ളിപ്പുറം പഞ്ചായത്ത് ജനപ്രതിനിധികൾ വ്യവസായ വികസന വകുപ്പ് ഓഫിസിൽ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അടിയന്തരമായി മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ശുചിത്വ മിഷനും പരാതിയും നൽകി.
ഇതേ തുടർന്നാണ് നടപടി തുടങ്ങിയത്. ഫുഡ്പാർക്കിൽ കോടികൾ മുടക്കി സ്ഥാപിച്ച മലിനജല സംസ്കരണ പ്ലാന്റ് കൃത്യമായി ഉപയോഗിക്കാത്തതാണ് മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടാൻ കാരണമെന്നും അതിന്റെ സ്ഥിതി ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]