
ഒറ്റമശേരിക്ക് ആശ്വാസം; പുലിമുട്ടു നിർമാണ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല ∙ ഒറ്റമശേരി തീരത്തെ കടലേറ്റത്തിനു പരിഹാരമായി പുലിമുട്ടു നിർമാണ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. തീരത്തു ഭിത്തിയില്ലാത്ത 960 മീറ്റർ ഭാഗത്താണ് 20 മുതൽ 80 വരെ മീറ്റർ നീളത്തിലുള്ള 9 പുലിമുട്ടുകൾ നിർമിക്കുന്നത്.
കിഫ്ബിയിൽ നിന്നു 30 കോടിയാണ് പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. 2021ൽ പദ്ധതി തുടങ്ങിയെങ്കിലും അനുവദിച്ച 16 കോടി തികയാതെ പദ്ധതി നിലയ്ക്കുകയായിരുന്നു. ഇതെ തുടർന്നാണ് ഇപ്പോൾ 30 കോടിയാക്കി ഉയർത്തി ഫണ്ട് അനുവദിച്ചത്.
പദ്ധതിക്കു കല്ലു ലഭ്യമാകുന്നതിലുണ്ടായ തടസ്സങ്ങളും മന്ത്രി പി. പ്രസാദിന്റെ ഇടപെടലിൽ നീങ്ങി.
ജലസേചന വകുപ്പിന്റെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് (കെഐഐഡിസി) നിർമാണച്ചുമതല. മന്ത്രി പി. പ്രസാദ് ഇന്നലെ ഒറ്റമശേരി തീരത്തെത്തി രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. മുൻപ് നിശ്ചയിച്ചിരുന്നതിൽ നിന്ന് പുലിമുട്ടുകളുടെ എണ്ണവും ടെട്രാപോഡുകളുടെ വലുപ്പവും വർധിപ്പിച്ചതായും കരിങ്കല്ലിട്ട് ശക്തമായ അടിത്തറ ഒരുക്കിയ ശേഷമാണ് ടെട്രാപോഡുകൾ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.
കടലേറ്റം ഭീഷണിയാകുന്ന വീടുകൾക്ക് ടെട്രാപോഡുകൾ നിരത്തി അടിയന്തര സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കടൽക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്ന പ്രദേശത്തെ മൂന്ന് വീടുകൾ സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായും ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, ജനപ്രതിനിധികളായ സജിമോൾ ഫ്രാൻസിസ്, സിനി സാലസ്, ജാൻസി ബെന്നി, കെഐഐഡിസി ഡപ്യൂട്ടി ജനറൽ മാനേജർ കെ.പി. ഹരൻബാബു, ഉദ്യോഗസ്ഥരായ പി.മഹാദേവൻ, ബി.ഗോപിക, ബിജു യേശുദാസ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.