
എണ്ണപ്പാട ഭീഷണി ഇപ്പോഴില്ല, നിരീക്ഷണത്തിന് ഡോണിയർ വിമാനങ്ങൾ; രാസവസ്തുക്കൾ സ്പ്രേ ചെയ്യാൻ 2 കപ്പലുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വലിയഴീക്കൽ ∙ കപ്പൽ അപകടത്തെ തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിലെ തറയിൽക്കടവിൽ അടിഞ്ഞു പാറക്കെട്ടിൽ തട്ടിത്തകർന്ന കണ്ടെയ്നർ കസ്റ്റംസിന്റെ മേൽനോട്ടത്തിൽ ഇന്ന് കൊല്ലം പോർട്ടിലെ കസ്റ്റംസ് യാർഡിലേക്കു മാറ്റും. തിങ്കളാഴ്ച വൈകിട്ടു മുതൽ മാറ്റാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയും ഉയർത്താനെത്തിയ ക്രെയിൻ മണ്ണിൽ പുതഞ്ഞതും കാരണമാണു വൈകുന്നത്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന അസംസ്കൃത പഞ്ഞി പാക്കറ്റുകൾ മറ്റു രണ്ടു കണ്ടെയ്നറുകൾ എത്തിച്ച് അതിലേക്കു മാറ്റി.
കസ്റ്റംസ് സൂപ്രണ്ടുമാരായ എൽ.രാജീവ് കുമാർ, എസ്.സലിംകുമാർ, നീൽ ഡിക്രൂസ് എന്നിവരും ഷിപ്പിങ് കമ്പനി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം തിങ്കളാഴ്ച കണ്ടെയ്നർ ഉയർത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല. ഇന്നലെ രാവിലെ ഇതിനുള്ള ശ്രമം വീണ്ടും തുടങ്ങിയപ്പോൾ കണ്ടെയ്നർ കയറ്റേണ്ട ട്രെയ്ലറിന്റെ ഡ്രൈവർ ആലുവ പുതുവേൽപ്പറമ്പിൽ പി.എസ്.ബഷീറിനു തിരമാലയിൽപെട്ടു പരുക്കേറ്റതിനാൽ കുറച്ചുനേരം ജോലി നിർത്തിവച്ചു. തിരയിൽപ്പെട്ടു പാറക്കെട്ടിലേക്കു വീണു കാലിനു പരുക്കേറ്റ ബഷീറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകരം ഡ്രൈവറെ നിയോഗിച്ചാണു ജോലി തുടർന്നത്.
തിങ്കളാഴ്ച രാവിലെയാണു കണ്ടെയ്നർ തീരത്തടിഞ്ഞത്. കൊച്ചിയിൽനിന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയാണു കണ്ടെയ്നറിലുള്ളതു പഞ്ഞിയാണെന്നു സ്ഥിരീകരിച്ചത്. തകർന്ന കപ്പലിന് ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ കണ്ടെയ്നറുകൾക്കും ഇൻഷുറൻസ് ലഭിക്കും. പോർട്ടിലേക്കു മാറ്റുന്ന ചരക്കുകളുടെ ഇൻഷുറൻസ് തുക ലഭിക്കാനുള്ള നടപടികൾ ഇനി പൂർത്തീകരിക്കും. തൃക്കുന്നപ്പുഴ പൊലീസ്, കോസ്റ്റൽ പൊലീസ്, റവന്യു ഉദ്യോഗസ്ഥർ, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
എണ്ണപ്പാട ഭീഷണി ഇപ്പോഴില്ല
ആലപ്പുഴ ∙ കണ്ടെയ്നറുകൾ കടലിലൂടെ ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ആശങ്കയ്ക്കു വകയില്ലെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. കൂടുതൽ കണ്ടെയ്നറുകൾ ജില്ലയുടെ തീരത്തേക്ക് എത്തുന്നതായി സൂചനയില്ല. എങ്കിലും രണ്ടു ഡോണിയർ വിമാനങ്ങൾ കടലിനു മീതേ പറന്നു നിരീക്ഷണം നടത്തുന്നുണ്ട്. എണ്ണപ്പാടയുടെ പ്രശ്നവും ഇപ്പോഴില്ല. രണ്ടു ചെറുകപ്പലുകൾ എണ്ണപ്പാടയുള്ള ഭാഗങ്ങളിൽ അതു നീക്കാനുള്ള രാസവസ്തുക്കൾ കടലിൽ സ്പ്രേ ചെയ്യുന്നുണ്ട്.
ഷിപ്പിങ് കമ്പനിയും വിവിധ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. ഇനിയും കണ്ടെയ്നറുകളോ മറ്റോ അടിഞ്ഞാൽ ഷിപ്പിങ് കമ്പനിയുടെ നേതൃത്വത്തിൽ തുടർ നടപടികളെടുക്കുമെന്നു ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ സി.പ്രേംജി പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ അവശിഷ്ടങ്ങളും മറ്റും നീക്കാൻ ചുമതലപ്പെട്ട സംഘമാണ് (സാൽവേജ് ടീം) കമ്പനിയുടെ പ്രതിനിധികളായി എത്തിയിട്ടുള്ളത്.