
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം ആറാട്ട് വഴിയിൽ തൂണും കുഴിയും; കുഴി നികത്താൻ സമ്മതം നൽകാതെ റെയിൽവേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിലാപ്പുഴ ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പരമ്പരാഗത ആറാട്ട് വഴിയിലെ തടസ്സങ്ങൾ നീക്കണമെന്ന ആവശ്യം ശക്തം. ആറാട്ട് വഴിയിൽ റെയിൽവേ പാളത്തിനു സമീപമുള്ള തൂണുകൾ ആനകൾക്ക് കടന്നു പോകാവുന്ന വിധത്തിൽ ആക്കുകയും ട്രാക്കുകൾക്ക് ഇടയിലുള്ള സ്ഥലം നിരപ്പാക്കുകയും ചെയ്ത് എഴുന്നള്ളത്ത് സുഗമമായി പോകുന്നതിനുള്ള സൗകര്യം ഒരുക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.
റോഡ് കാടുകയറിയ നിലയിൽ
തൃപ്പക്കുടം– പടനിലം റോഡിലെ റെയിൽവേ പാളം കടന്നാണ് ആറാട്ട് എഴുന്നള്ളത്ത് പോകുന്നത്. പാളത്തിനു സമീപമുള്ള റോഡ് തകർന്ന് വശങ്ങൾ കാടുകയറിയ നിലയിലാണ്. ആറാട്ട് എഴുന്നള്ളത്തിന്റെ സമയം കാടുകൾ തെളിയിക്കുകയും തെരുവുവിളക്കുകൾ താൽക്കാലികമായി സ്ഥാപിക്കുകയും ചെയ്യുന്നതു ക്ഷേത്ര ഉപദേശക സമിതിയാണ്.
ട്രാക്കുകൾക്കിടയിൽ കുഴി
പാത ഇരട്ടിപ്പിക്കലിനു ശേഷമാണു പ്രശ്നം രൂക്ഷമായത്. ഒന്നാമത്തെ ട്രാക്കിൽ നിന്നു താഴ്ന്നു കിടക്കുന്ന ഭാഗത്തു കൂടി വേണം രണ്ടാമത്തെ ട്രാക്കിലേക്ക് പോകാൻ. ഇത് ആറാട്ട് എഴുന്നള്ളത്തിന് വരുന്ന ആനകൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വർഷങ്ങൾക്കു മുൻപ് ക്ഷേത്ര ഉപദേശകസമിതി കുഴി നികത്താൻ അനുവാദം ചോദിച്ചിരുന്നു എങ്കിലും റെയിൽവേ സമ്മതം നൽകിയിരുന്നില്ല.
തടസ്സമായി തൂണുകൾ
റോഡിൽ നിന്നു പാളത്തിലേക്കു വാഹനങ്ങൾ കടക്കാതിരിക്കാൻ ഒരു വശത്തു തൂണുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയിലൂടെ ആനകൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. നൂറ്റാണ്ടുകളായി തൃപ്പക്കുടം ക്ഷേത്രത്തിൽനിന്ന് ആമ്പക്കാട്ട് കുടുംബത്തിലേക്ക് അൻപൊലി സ്വീകരിക്കാനുള്ള യാത്ര ഇതു വഴിയാണു പോകുന്നത്. രണ്ട് ട്രാക്കുകൾക്ക് ഇടയിൽ താഴ്ചയുള്ളതിനാൽ ആനകൾ പാളം മുറിച്ചു കടന്നു പോകുന്നതിനു കൂടുതൽ സമയം എടുക്കുന്നുണ്ട്.