മാന്നാർ ∙ പൂജാ കർമങ്ങൾ ചെയ്യാൻ സഹായിച്ചെന്ന പേരിൽ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ദുർഗാദേവി ക്ഷേത്രം റിസീവറുടെ ചുമതല വഹിക്കുന്ന മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫിസർ ചെങ്ങന്നൂർ പാണ്ടനാട് പടിഞ്ഞാറ് കാവനാൽ വീട്ടിൽ ശ്രീനിവാസനെയാണ്(52) ആലപ്പുഴ വിജിലൻസ് സംഘം പിടികൂടിയത്.
ദുർഗാദേവി ക്ഷേത്രത്തിൽ മാന്നാർ സ്വദേശി വിവിധ പൂജകൾ നടത്തിയിരുന്നു. കഴിഞ്ഞ 17ന് ശ്രീനിവാസൻ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട് പൂജകൾ നടത്താൻ സൗകര്യം ചെയ്തുകൊടുത്തതിനു പ്രതിഫലമായി 5,000 രൂപ ആവശ്യപ്പെട്ടു.
പ്രതികരിക്കാതിരുന്നപ്പോൾ 22ന് വീണ്ടും ഫോണിൽ വിളിച്ച് 5,000 രൂപ നൽകിയേ മതിയാകൂവെന്നും തുക അക്കൗണ്ടിലേക്ക് അയച്ച് നൽകണമെന്നും പറഞ്ഞു.
വിവരം മാന്നാർ സ്വദേശി ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയെ അറിയിച്ചു. വിജിലൻസ് നിർദേശ പ്രകാരം ഇന്നലെ 12.40 ന് മാന്നാർ വിഷവർശേരിക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മുൻപിൽ വച്ച് പരാതിക്കാരൻ 5,000 രൂപ കൈക്കൂലി കൊടുക്കുന്നതിനിടെ വിജിലൻസ് സംഘം എത്തി ശ്രീനിവാസനെ പിടികൂടുകയായിരുന്നു.
കൈക്കൂലി: ഈ വർഷം 50 കേസുകൾ
മാന്നാർ ∙ പൂജാകർമങ്ങൾക്കായി കൈക്കൂലി വാങ്ങിയ കേസിൽ മാന്നാറിലെ അറസ്റ്റോടെ ഈ വർഷം കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിച്ച കേസുകൾ അൻപതായി.
ഇത്രയും കേസുകളിൽ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 68 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ വിശദ പട്ടിക വിജിലൻസ് തയാറാക്കിയിട്ടുണ്ടെന്നും, ഈ ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരന്തര നിരീക്ഷണത്തിലാണെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 , 85929 00900 എന്ന നമ്പറിലോ, വാട്സാപ് നമ്പറയ 94477 89100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

