ആലപ്പുഴ ∙ ജില്ലാക്കോടതി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിലെ ജലസംഭരണികളുടെ പ്രവർത്തനം 28ന് നിർത്തിവയ്ക്കുന്നതിനാൽ നഗരത്തിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും. ജില്ലാക്കോടതി പാലത്തിന്റെ ഇരുകരകളിൽ കനാൽത്തീരത്തും, റോഡിന്റെ വശങ്ങളിലും കൂടി സ്ഥാപിച്ചിട്ടുള്ള 40–50 വർഷം പഴക്കമുള്ള പൈപ്പ് ലൈനുകൾ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ചെയ്യേണ്ടത്.
ഈ ലൈനുകളിൽ കൂടിയാണ് ഇപ്പോഴും ശുദ്ധജലം ലഭ്യമാക്കുന്നത്. നഗരത്തിൽ കിഫ്ബി പദ്ധതിയിൽ പുതിയ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും പൂർത്തിയായിട്ടില്ല.
ഉപഭോക്താക്കൾക്ക് താൽക്കാലികമായി കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനം ജലഅതോറിറ്റി ഏർപ്പെടുത്തിയിട്ടില്ല.
പാലം നിർമാണം ഏറ്റെടുത്തിട്ടുള്ള കമ്പനിയും താൽക്കാലിക ജലവിതരണത്തിനുള്ള സംവിധാനം ചെയ്തിട്ടില്ല.
വടികാട്, കാപ്പിൽ മുക്ക്, ചാത്തനാട്, വഴിച്ചേരി, ആലിശ്ശേരി, പഴവങ്ങാടി ക്വാർട്ടേഴ്സ്, പഴവങ്ങാടി ജംക്ഷൻ എന്നീ ജലസംഭരണികളിൽ നിന്നുള്ള ജലവിതരണം ആണ് നിർത്തിവയ്ക്കുന്നത്. നാളെ ഒരു ദിവസത്തേക്ക് മാത്രമാണെന്നു ജലഅതോറിറ്റി അറിയിച്ചിട്ടുണ്ടെങ്കിലും പാലം നിർമാണവുമായി ബന്ധപ്പെട്ട
ചില പ്രവൃത്തികൾ കഴിയാതെ ജലവിതരണം പുനഃസ്ഥാപിക്കാൻ ആകില്ലെന്നാണ് അറിയുന്നത്.
അതേസമയം നഗരത്തിൽ ആറാട്ടുവഴി അടക്കം പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം ലഭിക്കുന്നില്ലെന്നു നാട്ടുകാർ പരാതി പറഞ്ഞു. ആറാട്ടുവഴി പള്ളിയുടെ സമീപം പൈപ്പ് ലൈൻ പൊട്ടിയ മൂലം മൂന്നൂ ദിവസമായി പ്രദേശത്ത് ശുദ്ധജലം മുടങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

