
കലവൂർ∙ തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളി ഉദയ ഗേറ്റിനു സമീപം റെയിൽവേ ട്രാക്കിലേക്കു തെങ്ങ് കടപുഴകി വീണു രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17–ാം വാർഡിൽ കാട്ടുങ്കൽ പങ്കജാക്ഷിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്ന തെങ്ങാണു ശക്തമായ കാറ്റിനെ തുടർന്നു കടപുഴകി ട്രാക്കിലേക്കു വീണത്. അപകടത്തെ തുടർന്നു ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ പിടിച്ചിടേണ്ടി വന്നതു യാത്രികർക്കു ബുദ്ധിമുട്ടായി.
രാവിലെ ആലപ്പുഴ– എറണാകുളം മെമു (66314), കേരള സമ്പർക് ക്രാന്തി എക്സ്പ്രസ് (12217) എന്നിവ കടന്നുപോയതിനു പിന്നാലെയായിരുന്നു അപകടം.
കടപുഴകി വൈദ്യുത കമ്പിയിലേക്കു വീണ തെങ്ങിനു തീപിടിച്ചു. സമീപത്തെ ഗേറ്റ് കീപ്പർ വിവരം അറിയിച്ചതിനെ തുടർന്നു റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർമാരായ അനിൽ കുമാർ, ടി.പി.മനു എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗങ്ങളും റെയിൽവേ പൊലീസും സംഭവസ്ഥലത്ത് എത്തി.
ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിൽ തെങ്ങ് വെട്ടിമാറ്റി.
വൈദ്യുതക്കമ്പിക്കു തകരാർ സംഭവിച്ചതിനാൽ പരിശോധനകൾ നടത്താനായി സമീപത്തെ റെയിൽവേ ഗേറ്റുകൾ രണ്ടു മണിക്കൂർ അടച്ചിട്ടു. ഇതോടെ റോഡ് ഗതാഗതവും തിരിച്ചുവിടേണ്ടി വന്നു.
കടപുഴകി വീണ തെങ്ങ് ഉൾപ്പെടെ ഈ ഭാഗത്തെ ഒട്ടേറെ മരങ്ങൾ അപകടം വരുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഉടമകൾക്കു റെയിൽവേ നോട്ടിസ് നൽകിയിരുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഈ ഭാഗത്തെ അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു തുടങ്ങി.
അപകടത്തെ തുടർന്നു കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) ഒന്നര മണിക്കൂറും അഹല്യനഗരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22646) 45 മിനിറ്റും കായംകുളം– എറണാകുളം പാസഞ്ചർ (56320) 35 മിനിറ്റും ആലപ്പുഴയിലും എറണാകുളം– ആലപ്പുഴ മെമു (66300) ഒരു മണിക്കൂർ മാരാരിക്കുളത്തും പിടിച്ചിട്ടു.
10നു ഗതാഗതം പുനഃസ്ഥാപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]