
രണ്ടാം കൃഷിയുടെ ഒരുക്കത്തിനിടെ ആറുപങ്ക് പാടശേഖരത്തിൽ മട വീണു; പുറംബണ്ടിലെ 250 വീട്ടുകാർ വെള്ളപ്പൊക്ക ഭീതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടനാട് ∙ കൈനകരി കൃഷിഭവൻ പരിധിയിലെ ആറുപങ്ക് പാടശേഖരത്തിൽ മട വീണു. ഇന്നലെ വൈകിട്ട് 5 മണിയോടെ ആറുപങ്ക് പരുത്തിവളവ് തോട്ടിൽ ഓമനക്കുട്ടന്റെ വീടിനു സമീപമാണു മടവീണത്. രണ്ടാം കൃഷിയുടെ ഒരുക്കത്തിനിടെയാണു മടവീഴ്ചയുണ്ടായത്. ഇവിടെ മട വീണതോടെ സമീപത്തെ ചെറുകായൽ കായൽ പാടശേഖരത്തിലും വെള്ളം കയറും. ഇരു പാടശേഖരങ്ങളുടെയും പുറംബണ്ടിലും മറ്റുമായി താമസിക്കുന്ന 250 വീട്ടുകാർ വെള്ളപ്പൊക്ക ഭീതിയിലാണ്. അടിയന്തരമായി മട കുത്തി വെള്ളം വറ്റിച്ചില്ലെങ്കിൽ പ്രദേശത്തെ 90% വീടുകളിലുള്ളവരെയും മാറ്റി പാർപ്പിക്കേണ്ടതായി വരും.
ആറുപങ്ക് പാടശേഖരത്തിൽ തിങ്കളാഴ്ചയാണു പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം പൂർത്തിയായത്. ഇന്നലെ വൈകിട്ട് പാടശേഖര സമിതി പൊതുയോഗം കൂടി നാളെ മുതൽ രണ്ടാം കൃഷിയുടെ ഒരുക്കത്തിനായി ട്രാക്ടർ ഇറക്കി കൃഷിയിടം ഒരുക്കാൻ തീരുമാനിച്ചിരുന്നു. 483 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ അടുത്തയിടെയാണു കോടികൾ മുടക്കി പുറംബണ്ട് കല്ലുകെട്ടി സംരക്ഷിച്ചത്. പുതിയ കല്ലുകെട്ടു പാടശേഖരത്തിന്റെ പല ഭാഗങ്ങളിലും തകരാൻ തുടങ്ങിയതു കർഷകരെയും നാട്ടുകാരെയും ആശങ്കയിലാക്കിയിരുന്നു..
തകർന്ന പുറംബണ്ടുകൾ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ നടപടി എടുക്കാതിരുന്നത് മനോരമ വാർത്ത നൽകുകയും ചെയ്തിരുന്നു. ജനകീയ തോടിന്റെ പൂർത്തീകരിക്കാത്തതാണു 348 ഏക്കർ വിസ്തൃതിയുള്ള ചെറുകായൽ കായൽ പാടശേഖരത്തിലും വെള്ളം നിറയാൻ ഇടയാക്കിയത്. 2 വർഷം മുൻപ് ഇവിടെ മട വീണപ്പോൾ ആറുപങ്ക് പാടശേഖരത്തിലെയും കൃഷി നശിച്ചിരുന്നു.
ഇരു പാടശേഖരങ്ങളെയും തമ്മിൽ വേർതിരിക്കുന്നതിനായാണ് രണ്ടര പതിറ്റാണ്ടിനു മുൻപു ജനകീയ തോട് നിർമിച്ചത്. എന്നാൽ തോടിന്റെ 2 അറ്റവും മുറിച്ചു തോട് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ജനകീയ തോടിന്റെ 2 അറ്റത്തും കല്ലുകെട്ടി സംരക്ഷിച്ചാൽ മാത്രമേ തോട് പൂർണമായി തുറക്കാൻ സാധിക്കൂ. ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം അപേക്ഷയും പരാതിയും നൽകിയെങ്കിലും നാളിതുവരെയായിട്ടും അനുകൂലമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.