
കലിതുള്ളി കാലവർഷം: ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകനാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല ∙ രണ്ടുദിവസമായി ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴയിലും കാറ്റിലും വ്യാപകനാശം. ശക്തമായ കാറ്റിൽ മരം വീണ് 47 വീടുകളാണ് ഭാഗികമായി തകർന്നത്. ഒറ്റമശേരിയിൽ കടൽഭിത്തിയില്ലാത്ത ഒരു കിലോമീറ്റർ പ്രദേശത്ത് വേലിയേറ്റം മൂലം വീടുകളിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. ആറു വീടുകൾ തകർച്ച ഭീഷണിയിലാണ്. നാൽപതോളം വീടുകളിൽ വെള്ളം കയറി. തകർച്ച ഭീഷണിയുള്ള വീടുകളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
മരം വീണ് കടക്കരപ്പള്ളി പഞ്ചായത്തിലെ ചേർത്തല തെക്ക്, പള്ളിപ്പുറം, വയലാർ, തൈക്കാട്ടുശ്ശേരി, മാരാരിക്കുളം വടക്ക്, കടക്കരപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ വീടുകൾ തകർന്നു. തണ്ണീർമുക്കം വില്ലേജ് ഓഫിസ് വളപ്പിലെ വൈദ്യുതി ലൈനിൽ മരംവീണതിനാൽ ഓഫിസ് രാവിലെ തുറക്കാനായില്ല. ചേർത്തലയിൽ നിന്ന് അഗ്നിശമനസേനയെത്തി ലൈൻ ഓഫ് ചെയ്തു മരം മുറിച്ചു മാറ്റിയാണ് വില്ലേജ് ഓഫിസ് തുറന്നത്. മരംവീണ് വൈദ്യുതപോസ്റ്റുകളും കമ്പികളും തകർന്നതിനാൽ പല പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലേത് ഉൾപ്പെടെ രണ്ടായിരത്തോളം വീടുകൾ വെള്ളക്കെട്ട് ഭീഷണി നേരിടുന്നു. ചേർത്തല തഹസിൽദാർ എസ്.ഷീജ, ഡപ്യൂട്ടി തഹസിൽദാർ വി.ജെ.ഗ്രേസി, കടക്കരപ്പള്ളി വില്ലേജ് ഓഫിസർ എൽ.അനിത എന്നിവർ കടൽതീരം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി.
റോഡുകളിൽ മരംവീണ് ഗതാഗത തടസ്സം
കാറ്റും മഴയും മൂലം മരങ്ങൾ റോഡിലേക്ക് വീണ് പലയിടങ്ങളിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ചേർത്തല – അരൂക്കുറ്റി റോഡ്, തൃച്ചാറ്റുകുളം – എൻഎസ്എസ് കോളജ് എംഎൽഎ റോഡ് എന്നീ പ്രധാന റോഡുകളിലും ഒട്ടേറെ ഉൾപ്രദേശങ്ങളിലെ റോഡുകളിലും മരങ്ങൾ വീണു. നാൽപത്തെണ്ണീശ്വരം മരമുത്തശ്ശൻ കവല ഭാഗത്ത് ഞായറാഴ്ച രാത്രിയിൽ മരം വീഴുന്നതിനിടയിൽ അകപ്പെട്ടുപോയ ഇരുചക്രവാഹന യാത്രക്കാരനെ രക്ഷപ്പെടുത്തി. തൃച്ചാറ്റുകുളം കവലയ്ക്ക് സമീപം തണൽമരം റോഡിലേക്ക് വീണത് ഏറെ നേരം ഗതാഗതം സ്തംഭിപ്പിച്ചു. തിരുനല്ലൂർ ഭാഗത്ത് മരം വീണതിനെ തുടർന്ന് വാഹനങ്ങൾ വിളക്കുമരം – നെടുമ്പ്രക്കാട് പാലത്തിലൂടെ തിരിച്ചുവിട്ടു.
പാണാവള്ളി പഞ്ചായത്ത് 15-ാം വാർഡിൽ മഴുവശേരി അനിൽകുമാറിന്റെയും തൈക്കാട്ടുശേരി പഞ്ചായത്ത് 11-ാം വാർഡ് കാട്ടുതറ ജോയിയുടെയും വീടുകൾ മരം വീണ് തകർന്നു. തൃച്ചാറ്റുകുളം കവലക്ക് സമീപം പുളിമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അരൂക്കുറ്റി പഞ്ചായത്ത് 11-ാം വാർഡ് തോട്ടത്തുംപറമ്പിൽ ഹംസയുടെ വീടിന് മുകളിലേക്ക് സമീപ പുരയിടത്തിലെ പനമരം കടപുഴകി വീണ് വീടിന്റെ ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് മരം നീക്കിയത്.
മഴയും കാറ്റും: വൈദ്യുതി ബന്ധം തകർന്നു
വൈദ്യുതി സെക്ഷൻ കീഴിൽ 33 ഇടങ്ങളിൽ മരം വൈദ്യുതി ലൈനിൽ വീണ് 18 പോസ്റ്റുകൾ ഒടിഞ്ഞു. 27 സ്ഥലങ്ങളിൽ കമ്പി പൊട്ടി, 17 പോസ്റ്റുകൾ ചരിഞ്ഞു. സെക്ഷൻ കീഴിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. അറ്റകുറ്റപ്പണി രാത്രി വൈകിയും തുടരുകയാണ്.