
മേൽപാലത്തിലെ ഗർഡറുകൾ വീണ സംഭവം: 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ദേശീയപാതയിൽ നിർമാണത്തിലിരുന്ന മേൽപാലത്തിലെ ഗർഡറുകൾ തകർന്നു വീണ സംഭവത്തിൽ പ്രോജക്ട് മാനേജരും എൻജിനീയർമാരും ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിർമാണസ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണു സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് സസ്പെൻഷൻ. എൻജിനീയർമാർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധക്കുറവു കാരണമാണ് അപകടമുണ്ടായതെന്നു നേരത്തെ വിലയിരുത്തിയിരുന്നു.സ്ഥലത്തു നിന്നു നിർമാണത്തിനു മേൽനോട്ടം നൽകേണ്ടതിനു പകരം മൊബൈൽ ഫോണിലും മറ്റും നിർദേശങ്ങൾ നൽകിയിരുന്നതായും കണ്ടെത്തിയിരുന്നു.
ആലപ്പുഴ ബൈപാസിലെ 17, 18 തൂണുകൾക്കിടയിലെ നാലു ഗർഡറുകളാണ് 3ന് രാവിലെ 10.30ന് ഒന്നിച്ചു നിലംപതിച്ചത്. 18, 19 തൂണുകൾക്കിടയിലെ ഗർഡറുകളും തൂണുകളും ബന്ധിപ്പിച്ചിരുന്ന പ്ലാങ്ക് (തടി പോലെയുള്ള ഭാഗം ) ഇളക്കി മാറ്റാൻ ഫോണിലൂടെ നിർദേശിക്കുകയും എന്നാൽ തൊഴിലാളികൾ സ്ഥലം മാറി മറ്റൊരിടത്തെ പ്ലാങ്ക് ഇളക്കുകയും ചെയ്തതാണ് അപകടത്തിനു കാരണമായതെന്നാണു നിഗമനം. ബെയറിങ് നിർമാണത്തിലെ പിഴവും ഗർഡറുകൾ തമ്മിൽ ക്രോസ് ബ്രേസിങ് ചെയ്യാത്തതും ഗർഡറുകൾ നിലംപതിക്കാനുള്ള സാധ്യത കൂട്ടിയെന്നാണ് കരുതുന്നത്. ബൈപാസിലെ മറ്റു ഗർഡറുകൾ സ്ഥാപിച്ചതിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നു കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.