ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനു രണ്ടാം സ്ഥാനമെന്ന് ഉറപ്പിച്ചു ജൂറി ഓഫ് അപ്പീലും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്സിക്യൂട്ടീവ് കമ്മിറ്റിയും.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ നാലാമതുമെത്തി. വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനെ മത്സരദിവസം തന്നെ വിജയികളായി പ്രഖ്യാപിച്ചിരുന്നു.
അപ്പീൽ ജൂറിയുടെ പരിഗണനയിൽ ഇരുന്നതു കാരണം പ്രഖ്യാപിക്കാതിരുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെയുള്ള പൂർണ ഫലങ്ങളും പ്രഖ്യാപിച്ചു. അപ്പീൽ ജൂറിയുടെ ശുപാർശകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണു ഫലപ്രഖ്യാപനം പൂർത്തിയായത്.
വള്ളംകളിയിൽ ഫൈനലിൽ രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത വള്ളങ്ങൾക്കെതിരെ പരാതി ഉയർന്നതോടെ ഒന്നാം സ്ഥാനക്കാരെ മാത്രമാണു പ്രഖ്യാപിച്ചിരുന്നത്.
പരാതികൾക്കു തെളിവു സമർപ്പിക്കാൻ ആരോപണം ഉന്നയിച്ചവർക്കു കഴിയാതെ വന്നതോടെ പരാതികൾ തള്ളിയിരുന്നു. ജൂറി ഓഫ് അപ്പീലിന്റെ പരിശോധനയിലും നിയമലംഘനം കണ്ടെത്താതെ വരികയും ചെയ്തതോടെയാണ് മൂന്നു ചുണ്ടനുകൾക്കും അതതു സ്ഥാനങ്ങൾ തന്നെ നൽകാൻ തീരുമാനിച്ചത്.
അനുവദനീയമായതിലും കൂടുതൽ ഇതര സംസ്ഥാനക്കാർ വള്ളങ്ങളിൽ തുഴഞ്ഞെന്നും പനത്തുഴയ്ക്കു പകരം തടിത്തുഴയും ഫൈബർ തുഴയും ഉപയോഗിച്ചെന്നുമായിരുന്നു പരാതികൾ.
പരാതിയിൽ തീർപ്പായതോടെ വള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് അടുത്തയാഴ്ച വിതരണം ചെയ്യും. അയോഗ്യരാക്കപ്പെട്ട
വള്ളങ്ങൾക്ക് അടിസ്ഥാന ബോണസ് നൽകാനും തീരുമാനിച്ചു. മത്സരത്തിൽ പങ്കെടുക്കാതിരുന്ന 3 ചുണ്ടൻ വള്ളങ്ങൾക്കും നിയമം ലംഘിച്ച മൂന്നു വെപ്പ് എ ഗ്രേഡ് വള്ളങ്ങൾക്കുമാണ് അയോഗ്യത കൽപിച്ചത്.
ഇത്തവണ പതിവിലേറെ പരസ്യവരുമാനം ലഭിച്ചതോടെ വള്ളംകളിയുടെ പിറ്റേന്നു തന്നെ ബോണസ് നൽകാൻ ശ്രമിച്ചെങ്കിലും പരാതികളെ തുടർന്നു ചുണ്ടൻ വള്ളങ്ങളുടെ സ്ഥാനത്തിൽ തീരുമാനമാകാത്തതിനാൽ ബോണസ് വിതരണം നീളുകയായിരുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നൽകുന്ന ഗ്രാന്റായ ഒരു കോടി രൂപ അനുവദിച്ചു കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിരുന്നു.
ഈ തുക അടുത്ത ദിവസങ്ങളിൽ എൻടിബിആർ സൊസൈറ്റിയുടെ അക്കൗണ്ടിലെത്തും. പുന്നമടയിൽ നിർമിക്കുന്ന പുതിയ പവിലിയന്റെ നിർമാണം ഉടൻ ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചു.
കൺസൽറ്റൻസി ഫീസായി പദ്ധതിത്തുകയുടെ 1.50% നൽകാൻ തീരുമാനിച്ചു.
അടുത്ത വർഷങ്ങളിൽ നെഹ്റു ട്രോഫി വള്ളംകളി ഓണത്തിനു തൊട്ടുമുൻപുള്ള ശനിയാഴ്ചകളിൽ
ആലപ്പുഴ ∙ അടുത്ത വർഷങ്ങളിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത് ഓണത്തിനു തൊട്ടുമുൻപുള്ള ശനിയാഴ്ചകളിൽ. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണു ധാരണയായത്.
രാജ്യാന്തര ടൂറിസം കലണ്ടറിൽ ഉൾപ്പെടെ രേഖപ്പെടുത്തിയ, ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളിയാണു പുതിയ തീയതിയിലേക്കു മാറുന്നത്. ഓരോ വർഷവും ഓരോ തീയതി എന്നതിനു പകരം ഓണത്തിനു തൊട്ടുമുൻപുള്ള ശനിയാകും നെഹ്റു ട്രോഫി വള്ളംകളിയുടെ പുതിയ മേൽവിലാസം.
മുൻ വർഷങ്ങളിലെ ബാധ്യത ഉൾപ്പെടെ ആകെ 3.78 കോടി രൂപ ചെലവു വരുന്ന ബജറ്റായിരുന്നു വള്ളംകളിയുടേത്.
ഇതിനു പകരം 4.80 കോടിയോളം രൂപയുടെ റെക്കോർഡ് വരുമാനമാണുണ്ടായത്. ഓണക്കാലത്തു വിദേശികൾ ഉൾപ്പെടെ കൂടുതൽ ആളുകൾ വള്ളംകളി കാണാനെത്തിയതും അനുകൂല കാലാവസ്ഥയുമാണു തുണച്ചത്.
ഇതോടെയാണ് അടുത്ത വർഷവും ഓണത്തിനു മുൻപുള്ള ശനിയാഴ്ച വള്ളംകളി നടത്താൻ ധാരണയായത്. ഉത്രാടം, തിരുവോണം ദിവസങ്ങളിലാണു ശനിയെങ്കിൽ തൊട്ടുമുൻപുള്ള ശനിയാഴ്ചയാകും വള്ളംകളി നടത്തുക.
2018നു ശേഷമുള്ള വർഷങ്ങളിൽ വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും കാരണം അതേ തീയതിയിൽ മത്സരങ്ങൾ നടത്താനായിരുന്നില്ല.
ഈ വർഷം ഓണത്തിനു തൊട്ടുമുൻപുള്ള ശനിയാഴ്ച വള്ളംകളി നടത്തിയതു വൻ ലാഭമായി. പരസ്യ, ടിക്കറ്റ് വരുമാനത്തിൽ മുൻ വർഷങ്ങളെക്കാൾ വലിയ വർധനയാണുണ്ടായത്.
2.35 കോടി രൂപയാണു പരസ്യ വരുമാനത്തിൽ നിന്നു ലഭിച്ചത്. ടിക്കറ്റ് വിൽപനയിൽ നിന്ന് 85 ലക്ഷം രൂപയും ബോട്ടുകൾ നങ്കൂരമിടാൻ അനുമതി നൽകിയതിലൂടെ 9.60 ലക്ഷം രൂപയും സമാഹരിച്ചു.
സംസ്ഥാന സർക്കാരിൽ നിന്ന് ഒരു കോടിയും കേന്ദ്ര സർക്കാരിൽ നിന്ന് 50 ലക്ഷം രൂപയും ലഭിക്കാനുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]