ആലപ്പുഴ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കാട്ടിയ കരുത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താൻ ബിജെപിയും ഘടകകക്ഷിയായ ബിഡിജെഎസും ശ്രമങ്ങൾ ഊർജിതമാക്കി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു (എയിംസ്) യോജിച്ചത് ആലപ്പുഴയാണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകളും നെൽക്കൃഷി പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര സംഘത്തിന്റെ വരവും കേന്ദ്ര കൃഷിമന്ത്രി നേരിട്ടു വരുമെന്ന പ്രഖ്യാപനവുമെല്ലാം ഇതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്.
കുറച്ചു കാലം മുൻപ് വരെ ബിജെപി വലിയ പ്രതീക്ഷ വയ്ക്കാതിരുന്ന ആലപ്പുഴയിലേക്ക് ഇപ്പോൾ കേന്ദ്രീകരിക്കാനുള്ള പ്രേരണ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും മുന്നേറ്റമാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ നേടിയ 2,95,841 വോട്ട് പാർട്ടിയുടെ ഏറ്റവും നല്ല പ്രകടനമാണ്. 2019ൽ ഡോ.കെ.എസ്.രാധാകൃഷ്ണൻ 1,87,729 വോട്ടും നേടി.
ആലപ്പുഴയ്ക്കു പ്രത്യേക പരിഗണന നൽകുന്ന കേന്ദ്ര പദ്ധതികളിലൂടെ ജനവിശ്വാസമാർജിക്കുക, അതു തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തുക– ഇതാണു ബിജെപി പദ്ധതി.
കുട്ടനാട്ടിലെ പ്രശ്നങ്ങൾ നേരിട്ടറിയാൻ നേരത്തെ പാർട്ടി നേതാക്കൾ ഉൾപ്പെട്ട സംഘം എത്തിയിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ഉദ്യോഗസ്ഥ സംഘത്തിനൊപ്പവും നേതാക്കൾ സജീവമായി ഉണ്ടായിരുന്നു.
അടുത്തത് കേന്ദ്ര കൃഷിമന്ത്രിയുടെ സന്ദർശനമാണ്. അത് ഒക്ടോബർ 12ന് ഉണ്ടായേക്കും.
മന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്തിയാൽ അതു പുതിയ ഉണർവാകുമെന്നു നേതാക്കൾ കരുതുന്നു. എയിംസിനു യോജിച്ച പല സ്ഥലങ്ങളും ജില്ലയിലുണ്ടെന്നും അതു ചൂണ്ടിക്കാട്ടി എൽഡിഎഫ്, യുഡിഎഫ് ജനപ്രതിനിധികൾ കേന്ദ്രത്തെ സമീപിക്കണമെന്നുമാണു ബിജെപി വാദം.
അങ്ങനെ ചെയ്യാത്ത ജനപ്രതിനിധികൾക്കെതിരെ പ്രതിഷേധവും ആലോചിക്കുന്നുണ്ട്.
ഇത്തരം വിഷയങ്ങളിൽ പ്രവർത്തനം സജീവമാക്കാൻ എൻഡിഎയിൽ ഏകോപന സമിതി തന്നെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണിത്. മുതിർന്ന നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ കുട്ടനാടിനായി ഏറെ സമയം ചെലവിടുന്നുമുണ്ട്.
ജില്ലയുടെ അയൽ മണ്ഡലമായ തിരുവല്ലയ്ക്കും പാർട്ടി പ്രത്യേക ശ്രദ്ധ നൽകുന്നു.
അപ്പർ കുട്ടനാട് പ്രദേശങ്ങൾ ഉൾപ്പെട്ട മണ്ഡലത്തിലെ പെരിങ്ങരയിൽ കേന്ദ്ര കൃഷി സംഘം എത്തിയത് അതിനാലാണ്.
സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി തിരുവല്ലയിൽ മത്സരിച്ചേക്കുമെന്നാണു സൂചന.
നിയമസഭയിലേക്ക് മത്സരിക്കാൻ പ്രമുഖർ
ജില്ലയിൽ എൻഡിഎ പ്രതീക്ഷ വയ്ക്കുന്ന നിയമസഭാ സീറ്റുകളിൽ പ്രമുഖ നേതാക്കൾ മത്സരിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയ കായംകുളം അതിൽ പ്രധാനമാണ്.
അവിടെ ശോഭ തന്നെ മത്സരിക്കാനുള്ള സാധ്യത ബിജെപി നേതാക്കൾ തള്ളുന്നില്ല. സിറ്റിങ് സീറ്റിൽ എൽഡിഎഫ് ആരെ മത്സരിപ്പിക്കും എന്നതു കൂടി ഇക്കാര്യത്തിൽ പരിഗണിക്കും.
ബിഡിജെഎസിന്റെ സീറ്റായ കുട്ടനാടാണു മറ്റൊന്ന്.
അവിടെ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തന്നെ പോരാട്ടത്തിന് ഇറങ്ങിയേക്കും. ഹരിപ്പാട് നിയമസഭാ സീറ്റിലും എൻഡിഎ രണ്ടാമതെത്തിയെങ്കിലും അവിടെ ആരെയാകും നിയോഗിക്കുകയെന്നു വ്യക്തമല്ല.
മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസും സമാനമായ തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ബിജെപി ചെയ്തതു പോലെ ബിഡിജെഎസ് ചില ജില്ലാ ഘടകങ്ങൾ രണ്ടായി വിഭജിച്ചതും പ്രവർത്തനം ഊർജിതമാക്കാനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]