എടത്വ ∙ കുട്ടനാടൻ പാടശേഖരങ്ങളിൽ ആമ്പലും പോളയും നിറഞ്ഞതോടെ കൃഷി മുന്നൊരുക്കങ്ങളുടെ ചെലവിൽ ആശങ്കയുമായി കർഷകർ. കാർഷിക കലണ്ടർ അനുസരിച്ച് തുലാമാസം പകുതിയോടെ പുഞ്ചക്കൃഷി ആരംഭിക്കണം എന്നിരിക്കെ കൃഷിയിടങ്ങളിൽ പായൽ, ആമ്പൽ, പോള എന്നിവ നിറഞ്ഞിരിക്കുകയാണ്.
മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ട സമയമായിട്ടും ഇവ വാരി മാറ്റാൻ കഴിയാത്ത തരത്തിൽ നിറഞ്ഞു കിടക്കുകയാണ്.
സമീപ കാലത്തായി കൃഷിയിറക്കു കർഷകർക്ക് ഗുണകരമല്ല. നഷ്ടം സഹിച്ചും കൃഷിയിറക്കുകയാണ്.
ഇതിനിടയിലാണ് പാടശേഖരങ്ങളിൽ പായലും പോളയും ഉൾപ്പെടെ നിറഞ്ഞു കിടക്കുന്നത്.
തൊഴിലുറപ്പു തൊഴിൽ വന്നതോടെ പാടശേഖരങ്ങളിൽ പകലന്തിയോളം പണിയെടുക്കാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്. ഇതിനു പരിഹാരമായി കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കുട്ടനാട്ടിൽ ലേബർ ബാങ്ക് ആരംഭിക്കും എന്ന പ്രഖ്യാപനം നടത്തിയെങ്കിലും നടപടിയുണ്ടായില്ല.
കലക്ടർ അധ്യക്ഷനായുള്ള കൂലി വർധന നടപ്പാക്കുന്ന ഐആർസിയുടെ നിർദേശത്തെക്കാൾ എപ്പോഴും 50 മുതൽ 100 രൂപ വരെ അധിക കൂലി ആണ് തൊഴിലാളികൾ ഈടാക്കുന്നത്.
ഇത്തരത്തിലുള്ള വർധനയും, തൊഴിലാളി ക്ഷാമവും മൂലം വലയുന്ന കർഷകർക്ക് കടുത്ത ആഘാതമേൽപ്പിച്ചിരിക്കുകയാണ് പാടത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങൾ. ഏക്കറിൽ കുറഞ്ഞത് 20 തൊഴിലാളികളെങ്കിലും ഉണ്ടെങ്കിലേ നിലവിലെ സ്ഥിതിയനുസരിച്ച് പാടം ശുദ്ധീകരിക്കാനാകൂ.
വരമ്പു കുത്ത് മുതൽ പാടം കൃഷി യോഗ്യമാക്കുന്നതുവരെ എത്ര തൊഴിലാളികൾ വേണമെന്നതിൽ പോലും ധാരണയും ഇല്ലാത്ത അവസ്ഥയാണ്.
മാലിന്യം നീക്കൽ, ഉഴുതു മറിക്കൽ, വരമ്പ് കുത്ത്, കള കിളിർപ്പിക്കൽ ഇങ്ങനെ ഏറെ ജോലികൾ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെയ്തെങ്കിലേ കൃഷിയിറക്കാനാകൂ. അരിയുടെ വില വർധനവിന് അനുസരിച്ച് കൃഷിക്കാർക്ക് നെല്ലിന് വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. മുന്നൊരുക്കങ്ങൾക്ക് പുറമേ കളപറിക്കൽ, കീടനാശിനി തളിക്കൽ, രാസവളം ഇടൽ എന്നിവയ്ക്കും ചെലവേറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]