
ആലപ്പുഴ ∙ മലയാളക്കരയ്ക്ക് അധികമായി കിട്ടിയ വസന്തമാണത്രെ ഓണക്കാലം. അത്തം മുതൽ പത്തുനാൾ വീട്ടുമുറ്റത്തും വഴിയോരങ്ങളിലും പുൽക്കൊടികളിൽ പോലും പൂക്കൾക്ക് സമൃദ്ധിയുടെ കാലമാണ്.
മറുനാടൻ പൂക്കൾക്ക് ഓണപ്പൂക്കളത്തിൽ സ്ഥാനം അൽപം കൂടിയിട്ടുണ്ടെങ്കിലും നമ്മുടെ തൊടിയിലും വേലിക്കരികിലും പൂത്തുനിൽക്കുന്ന പൂക്കളുടെ രാജകീയകാലമായിരുന്നു ഒരിക്കൽ ഓണം. മുക്കുറ്റിയിൽ തുടങ്ങുന്ന അത്തം, തുമ്പപ്പൂവിതൾ കൊണ്ട് ചിത്തിര അങ്ങനെ നാളുകൾ നീളുമ്പോൾ പൂക്കളുടെ എണ്ണം കൂടും, കളം നിറയും.
തൊടിയിൽ നിന്നൊടിച്ചു വിതറുന്ന കൊങ്ങിണിപ്പൂവിനെ ഇന്നത്തെ കുട്ടികൾക്ക് പരിചയമുണ്ടാകാൻ സാധ്യതയില്ല.
ഓണം വന്നാൽ പൂക്കളമത്സരമാണെന്നും വിപണിയിൽ നിന്ന് വില കൊടുത്ത് പൂക്കൾ വാങ്ങണമെന്നുമാണല്ലോ പുതിയ നാട്ടുനടപ്പ്. അതുകൊണ്ട് ജമന്തിയും ഡാലിയയും ചെണ്ടുമല്ലിയും അരളിയും പലനിറത്തിലുള്ള പനിനീർപ്പൂക്കളും കൊണ്ട് പൂക്കളം ഗംഭീരമാകും.
ആർക്കും വേണ്ടാത്ത തുമ്പപ്പൂവിന് ജാതകത്തിൽ കേസരിയോഗം വരുന്ന കാലമാണ് ഓണമെന്നാണല്ലോ ഐതിഹ്യം. എന്നാൽ ഇപ്പോൾ പൂക്കളങ്ങളിലെ എണ്ണം തികയ്ക്കാൻ പോലും തുമ്പപ്പൂക്കളെ കാണാനില്ല എന്നതാണ് വാസ്തവം.
ഓണക്കാലത്ത് മലയാളികളേക്കാൾ വിപണി ഉത്സവമാക്കുന്നത് നമ്മുടെ അയൽ സംസ്ഥാനക്കാരാണ്.
അത്തത്തിനു ദിവസങ്ങൾക്കു മുൻപേ വിപണിയിൽ പൂക്കളെത്തും. മധുര, തെങ്കാശി, ശങ്കരൻ കോവിൽ, ദിണ്ടിഗൽ, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങിൽ നിന്നാണ് പ്രധാനമായും വിപണിയിൽ പൂക്കളെത്തുന്നത്.
കൂടുതൽപേരും അന്വേഷിച്ചെത്തുന്നത് ബെംഗളൂരുവിൽ നിന്നെത്തുന്ന വെള്ള ജമന്തിയാണ്. ആവശ്യക്കാർ ഉള്ളതുകൊണ്ടു തന്നെ വിലയും കൂടുതലാണ്.
കിലോഗ്രാമിനു 600 രൂപ വരെയാണ് വില.
പിന്നെ ആവശ്യക്കാർ അധികവും ഊട്ടിറോസിനാണ്. പലനിറങ്ങളിലുള്ള ബന്ദിപ്പൂക്കളും വിപണിയിലെ ആകർഷണമാണ്.
പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും മഞ്ഞജമന്തിക്ക് ആവശ്യക്കാരുണ്ട്. ഇലകൾക്കും ധാരാളം ഓർഡർ ലഭിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
ഇത്തവണ പൂക്കൾക്കെല്ലാം വില കൂടുതലാണ്. അത്തത്തിന് വില കൂടുതലാണെങ്കിൽ ഓണത്തിന് എന്താകും അവസ്ഥ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]