ആലപ്പുഴ∙പുന്നമടയുടെ ഓരങ്ങൾ വള്ളംകളിയാവേശത്തിലമരും മുൻപേ നഗരവീഥികളിൽ ആവേശം നിറച്ച് സാംസ്കാരിക ഘോഷയാത്ര. ആരവവും ആർപ്പോ ഇർറോ വിളികളുമായി നഗരത്തിലേക്ക് ഒഴുകിയെത്തിയ സന്തോഷത്തിന്റെ അലകൾ വള്ളംകളി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതായിരുന്നു. മാലാഖമാരായും പുഷ്പറാണിമാരായും വേഷമിട്ട് സ്കൂളുകളിൽ നിന്നും എത്തിയ കുട്ടികൾ നഗരവീഥിയിൽ അണി നിരന്നപ്പോൾ നഗരസഭ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര പ്രൗഢഗംഭീരമായി.
വെള്ളക്കുതിരയുടെയും പഞ്ചാരിമേളത്തിന്റെയും റോളർ സ്കേറ്റിങ്ങിന്റെയും അകമ്പടിയോടെ കലക്ടറേറ്റ് പരിസരത്തു നിന്നായിരുന്നു ജാഥ ആരംഭിച്ചത്.
മാവേലിയായും വാമനനായും വേഷം ധരിച്ചവർ,അമ്മൻകുടം, പഞ്ചവാദ്യം, റോളർ സ്കേറ്റിങ് ടീം, ശിങ്കാരിമേളം, ബാൻഡ് സെറ്റ്, പുരാണവേഷങ്ങൾ, കൊട്ടക്കാവടി, പൊയ്ക്കാൽ മയിൽ, തെയ്യം പ്ലോട്ടുകൾ, വഞ്ചിപ്പാട്ട്, കൊയ്ത്തുകാരുടെ വേഷം ധരിച്ച കുട്ടികൾ എന്നിവ അണിനിരന്നു. നഗരത്തിലെ വിവിധ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ പ്രകടനങ്ങളും ഉണ്ടായിരുന്നു.
ജനപ്രതിനിധികൾ, കലാ– കായിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, സ്കൂൾ– കോളജ് വിദ്യാർഥികൾ, സ്റ്റുഡന്റ്സ് പൊലീസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി-ആശാവർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവരും ഘോഷയാത്രയിൽ അണിനിരന്നു.
വള്ളംകളിയുടെ ആവേശം നിറഞ്ഞു നിൽക്കുന്ന സായാഹ്നത്തിൽ ഘോഷയാത്ര കാണാനും ഫോട്ടോകൾ പകർത്താനുമായി ആയിരങ്ങളാണ് വഴിയരികിൽ തടിച്ചു കൂടിയത്. വൻജനാവലിയുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര നാൽപാലത്തിൽ സമാപിച്ചു. കലക്ടർ അലക്സ് വർഗീസ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ എം.ജി.സതീദേവി, നസീർ പുന്നയ്ക്കൽ, എ.എസ്.കവിത, എം.ആർ.പ്രേം, ആർ.വിനീത, ഡിപിസി അംഗം ഡി.പി.മധു, കൗൺസിലർമാരായ ബിന്ദു തോമസ്, ഹരികൃഷ്ണൻ, രതീഷ്, സലിം മുല്ലാത്ത്, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ഡിടിപിസി സെക്രട്ടറി കെ.ജി.
അജേഷ് എന്നിവർ നേതൃത്വം നൽകി.
സാംസ്കാരികോത്സവം 29 വരെ പോപ്പി ഗ്രൗണ്ടിൽ
ആലപ്പുഴ∙വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്കാരികോത്സവവും കലാസന്ധ്യയും ആരംഭിച്ചു. 29 വരെ മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിലാണ് സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നത്.
പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലപ്പുഴക്കാരുടെ വൈകാരികതയോടു ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫിയെന്ന് സംസ്കാരിക ഘോഷയാത്രയ്ക്കൊടുവിൽ നാൽപാലത്തിന് സമീപം നടന്ന ചടങ്ങിൽ എംഎൽഎ പറഞ്ഞു.
മാർച്ച് 31നകം നഗരത്തിലെ പ്രധാന കനാൽ കരകളുടെ സൗന്ദര്യവൽക്കരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാരസ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം കലക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]