
ആലപ്പുഴ ∙ അവർ വാക്കുകൾ കൊണ്ടു തുഴയെറിഞ്ഞു; ചേലൊത്ത വാക്കുകളുടെ തുഞ്ചത്തേറി ചുണ്ടൻവള്ളങ്ങൾ കുതിച്ചുപാഞ്ഞു. നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി മലയാള മനോരമ സംഘടിപ്പിച്ച കമന്ററി മത്സരവേദിയിലേക്കു പുന്നമടയിലെ ഫൈനൽ മത്സരത്തിന്റെ ആവേശം ഒഴുകിയെത്തി. ഓളങ്ങളെ കീറിമുറിച്ചു ജലരാജാക്കൻമാർ കുതിക്കുന്നതിന്റെ ഗാംഭീര്യവും കായലോരത്തെ തെങ്ങിൻതലപ്പുകളുടെ ചാഞ്ചാട്ടവും കാണികളുടെ ആവേശവുമെല്ലാം മത്സരാർഥികളുടെ വാക്കുകളിൽ വിരിഞ്ഞു.
ചുണ്ടൻവള്ളങ്ങൾ പുളയുന്ന കരിനാഗങ്ങളും കുതിച്ചുപായുന്ന കുതിരകളുമായി. മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം മികച്ച കമന്റേറ്റർമാരാകാനുള്ള കഴിവുണ്ടെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
ഒരു നെഹ്റു ട്രോഫി ഫൈനലിന്റെ വിഡിയോ ദൃശ്യത്തിനൊപ്പം കമന്ററി പറയുകയെന്നതായിരുന്നു മത്സരം.
കാരിച്ചാലും വീയപുരവും നടുഭാഗവും നിരണവുമെല്ലാം പുന്നമടക്കായലിൽ തുഴപ്പാടകലത്തിൽ പൊരുതി മുന്നേറുന്നതു മത്സരവേദി കാതുകൊണ്ടു കണ്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരൻ പുന്നമട പാക്കള്ളിൽ തോമസ് വർഗീസ് ഒന്നാം സ്ഥാനം (5000 രൂപ) നേടി.
നാടകനടൻ കൂടിയായ തോമസ് ആദ്യമായാണു കമന്ററി മത്സരത്തിൽ പങ്കെടുക്കുന്നത്. കാട്ടൂർ തെക്കേപ്പാലയ്ക്കൽ ജോൺ ബോസ്കോ ജോഷി, ആലപ്പുഴ പിഎച്ച് വാർഡ് തൈപ്പറമ്പിൽ ടി.അരുൺ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.
ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളജിലെ മൂന്നാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥി കെ.എസ്.അഥീന സോണി, വെളിയനാട് കട്ടപ്പുറം സന്തോഷ് ജോസഫ് എന്നിവർക്കാണു മൂന്നാം സ്ഥാനം. പ്രമുഖ വള്ളംകളി കമന്റേറ്റർമാരായ ജോ ജോസഫ് തായങ്കരി, ഹരികുമാർ വാലേത്ത് എന്നിവരായിരുന്നു വിധികർത്താക്കൾ.
മലയാള മനോരമ അസി.എഡിറ്റർ അംജത് പി.ബഷീർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]