മാവേലിക്കര ∙ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ഗോവിന്ദച്ചാമി രക്ഷപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ പിടിയിലാകുകയും ചെയ്ത സംഭവം ഏറെ ചർച്ചയാകുമ്പോൾ മാവേലിക്കര സ്പെഷൽ സബ് ജയിലിൽ നിന്നു പ്രതികൾ മതിൽ ചാടി രക്ഷപ്പെട്ട 2 സംഭവങ്ങളാണു നാട്ടുകാരുടെ മനസ്സിലേക്ക് വരുന്നത്.
2018 ജൂലൈ 22നായിരുന്നു ആദ്യ സംഭവം. മോഷണക്കേസ് പ്രതി ചെങ്ങന്നൂർ തിരുവൻവണ്ടൂർ നന്നാട് തുരുത്തേൽ ജയപ്രകാശാണു ജയിൽ ചാടിയത്.
മണിക്കൂറുകൾക്കുള്ളിൽ ജയപ്രകാശിനെ ജയിൽ അധികൃതരും പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.
22നു വൈകിട്ടു ജയിൽ അന്തേവാസികളെ തിരികെ സെല്ലിൽ കയറ്റിയപ്പോഴാണു ജയിൽ വളപ്പിലെ ചന്ദനമരത്തിലൂടെ ജയിൽ ഓഫിസ് കെട്ടിടത്തിനു മുകളിൽ കയറി മതിൽ ചാടി രക്ഷപ്പെട്ടത്. ഒരു വർഷമായി ജയിലിൽ കഴിയന്നതിനിടെയായിരുന്നു ജയിൽ ചാടിയത്.
സംഭവത്തിനു ശേഷം ജയിൽ വളപ്പിലെ വലിയ മരങ്ങളും ജയിൽ വളപ്പിലേക്കു നിന്ന മരക്കൊമ്പുകളും മുറിച്ചു മാറ്റി.
2023 ജനുവരി 26നായിരുന്നു രണ്ടാമത്തെ ജയിൽ ചാട്ടം. തിരുവല്ല പുളിക്കീഴ് സ്വദേശി വിഷ്ണു ഉല്ലാസ് ആണു ജയിൽ ചാടിയത്.
യുവതിയോടു മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സഹോദരനെ ആക്രമിക്കുകയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായിരുന്നു. പ്രാഥമികകൃത്യങ്ങൾ നടത്തുന്നതിനായി ജനുവരി 26നു രാവിലെ സെല്ലിൽ നിന്നു പ്രതികളെ പുറത്തിറക്കിയപ്പോൾ ജയിലിന്റെ വടക്കു വശത്തെ അരമതിൽ വഴി വനിത ജയിലിന്റെ മതിലിൽ കയറി താഴേക്കു ചാടിയാണു പ്രതി രക്ഷപ്പെട്ടത്.
2023 ഫെബ്രുവരി 6നു തിരുവല്ല തുകലശ്ശേരിയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ വിഷ്ണുവിനെ ജയിൽ അധികൃതരും പൊലീസും ചേർന്നു പിടികൂടുകയായിരുന്നു.
മാവേലിക്കര ജയിലിലേക്കു റിമാൻഡ് ചെയ്യപ്പെട്ട വിഷ്ണുവുമായി ജനുവരി 25നു രാത്രി ജയിലിന്റെ വാതിലിൽ എത്തിയപ്പോൾ പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ പിടികൂടി.
ഇതിനു പിന്നാലെയാണു ജനുവരി 26നു ജയിൽ ചാടിയത്. ജഡ്ജിമാരുടെ ക്വാർട്ടേഴ്സിനു സമീപത്തുകൂടി പ്രധാന റോഡിലെത്തിയ വിഷ്ണു സിവിൽ സ്റ്റേഷനു സമീപത്തു നിന്ന് അതുവഴിയെത്തിയ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു ടൗണിൽ ഇറങ്ങി.
സ്വകാര്യ ബസിൽ കയറി തിരുവല്ല കാവുംഭാഗത്ത് ഇറങ്ങിയ വിഷ്ണു സ്വന്തം വീട്ടിലെത്തിയ ശേഷമാണു ഒളിവിൽ പോയത്.
2019 ഏപ്രിലിൽ റിമാൻഡ് പ്രതി ജയിലിൽ മരിച്ചതിനു ശേഷം ജയിലിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. അന്നു സ്ഥാപിച്ച ക്യാമറകളിൽ ചിലതു ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നാണു സൂചന.
അഞ്ചരക്കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ജയിൽ വളപ്പിൽ പുരോഗമിക്കുന്നതിനൊപ്പം സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]