
ആലപ്പുഴ∙ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോവുകയും വൈദ്യുതത്തൂണുകൾ ഒടിഞ്ഞു വീഴുകയും ചെയ്തു.
ഇതേ തുടർന്നു നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. ജില്ലാക്കോടതി വളപ്പിൽ റോഡിന്റെ ഒരു ഭാഗത്തേക്ക് അപകടകരമായി ചരിഞ്ഞു നിന്ന ആൽമരം മുറിച്ചുമാറ്റി.
ഇന്നലെ രാവിലെ 11 മണിയോടെ കോടതിക്കു മുന്നിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണു കോടതിയുടെ വടക്ക് ഭാഗത്തെ ഗേറ്റിനു സമീപം നിന്ന മരം റോഡിലേക്കു ചാഞ്ഞു കെഎസ്ഇബിയുടെ കേബിളിൽ തങ്ങി നിൽക്കുന്നതു കണ്ടത്.
വെള്ളമിറങ്ങി മരം ജീർണാവസ്ഥയിലായതോടെ ചരിയുകയായിരുന്നു. ഇവർ കെഎസ്ഇബി ഉദ്യോഗസ്ഥരെയും കോടതി ഓഫിസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
തുടർന്ന് അമ്പലപ്പുഴ തഹസിൽദാരുമായി ബന്ധപ്പെടുകയും അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മരം മുറിച്ചു മാറ്റുകയുമായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ ഗാന്ധിവിലാസം പാലത്തിനു സമീപം പള്ളാത്തുരുത്തി വാർഡിൽ വേലന്തറ വീട്ടിൽ ഹരിദാസന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പറന്നു പോയി. കഴിഞ്ഞ വർഷം മഴക്കാലത്ത് ഇവരുടെ വീടിന്റെ മേൽക്കൂര മരം വീണു തകർന്നിരുന്നു. കൊമ്മാടി സെന്റ് മേരീസ് സ്കൂളിന് എതിർവശം രാവിലെ ഒൻപതരയോടെ മരവും വൈദ്യുതത്തൂണും വീണ് ഗതാഗത തടസ്സമുണ്ടായി.
മൂന്നു വൻമരങ്ങൾ കെഎസ്ഇബി ലൈനിനു മുകളിലും റോഡിലുമായി കടപുഴകി വീഴുകയായിരുന്നു.
അഞ്ച് വൈദ്യുതത്തൂണുകളാണ് ഇവിടെ ഒടിഞ്ഞു വീണത്. ആലപ്പുഴ അഗ്നിരക്ഷാസേനയും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
കെഎസ്ഇബി ആലപ്പുഴ നോർത്ത് സെക്ഷൻ പരിധിയിൽ ഏഴോളം ഇലക്ട്രിക് വൈദ്യുതത്തൂണുകളാണ് ഒടിഞ്ഞു വീണത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]