ഹരിപ്പാട് ∙ പാടശേഖരത്തിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കർഷകത്തൊഴിലാളി പള്ളിപ്പാട് വടക്കേക്കര കിഴക്ക് നേര്യംപറമ്പിൽ വടക്കേതിൽ ശ്രീലതയുടെ (52) കുടുംബം ദുരിതത്തിൽ. ശ്രീലത പുഞ്ചയിൽ പണിക്കും തൊഴിലുറപ്പിനും പോയും മകൻ ശ്യാം അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുമാണു കുടുംബം പുലർത്തിയിരുന്നത്.
ശ്രീലതയുടെ ഭർത്താവ് ഓമനക്കുട്ടൻ വർഷങ്ങൾക്കു മുൻപ് മരത്തിൽ നിന്നു വീണ് നട്ടെല്ലിനു പരുക്കേറ്റതിനെ തുടർന്നു ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്.
ബാങ്കിൽ നിന്നും പണമിടപാടു സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്തും കടം വാങ്ങിയും വീടുപണി നടക്കുകയാണ്. ശ്രീലത ആശുപത്രിയിലായതോടെ ശ്യാമിന് ജോലിക്കു പോകാൻ കഴിയുന്നില്ല.
അപകടനില തരണം ചെയ്തെങ്കിലും കൈക്കും തോളിനും ഗുരുതരമായി പൊള്ളലേറ്റതിനാൽ ഇനിയും രണ്ടാഴ്ചയെങ്കിലും ശ്രീലത ആശുപത്രിയിൽ കഴിയേണ്ടി വരും. കെഎസ്ഇബിയിൽ നിന്നു നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ കുടുംബത്തിനു മുന്നോട്ടു പോകാൻ കഴിയൂ.
പള്ളിപ്പാട് പനമുട്ടുകാട് പാടശേഖരത്തിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ 12ന് സ്റ്റേ കമ്പിയിൽ നിന്ന് ശ്രീലതക്കും ബന്ധുവും കൂട്ടുകാരിയുമായ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ സരളയ്ക്കും ഷോക്ക് ഏൽക്കുകയായിരുന്നു.
അപകടത്തിൽ സരള മരിച്ചിരുന്നു. സരളയുടെ മരണം രണ്ട് ദിവസം മുൻപ് വരെ ശ്രീലത അറിഞ്ഞിരുന്നില്ല.
പൊട്ടിക്കിടന്ന സ്റ്റേ കമ്പി കാറ്റിൽ ദേഹത്ത് വന്ന് തട്ടി ഷോക്ക് ഏൽക്കുകയായിരുന്നു എന്നാണ് ശ്രീലത പറയുന്നത്.
പൊലീസ് ഇതുവരെ ശ്രീലതയുടെ മൊഴി എടുത്തിട്ടില്ല. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കെഎസ്ഇബി അധികൃതരോ പൊലീസോ തിരിഞ്ഞുനോക്കിയിട്ടില്ല എന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
ശ്രീലതയുടെ ആരോഗ്യസ്ഥിതി അറിഞ്ഞശേഷം മൊഴി എടുക്കുമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എ.വി.ജയരാജ് പറഞ്ഞു. അപകടം സംബന്ധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരിൽ നിന്നു വിവരങ്ങൾ ശേഖരിച്ച ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

