ആശങ്കയായി കനത്ത മഴയും വേലിയേറ്റവും
എടത്വ ∙ കുട്ടനാട്ടിൽ വീണ്ടും ഒരു കൃഷിക്കാലത്തിനു തുടക്കമിട്ട് ആദ്യ വിത ഇന്നലെ തകഴി പോളേപ്പാടത്തു നടന്നു. വലിയ പ്രതിസന്ധികൾക്കിടെയാണ് ഇത്തവണ കർഷകർ വിത തുടങ്ങിയിരിക്കുന്നത്.
കനത്ത മഴയും വേലിയേറ്റവും കാരണം ജല നിരപ്പ് ഉയരുന്നതാണു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിത കഴിഞ്ഞു മൂന്നാം നാൾ തൊട്ട് വിതച്ച പാടശേഖരം വറ്റിക്കണം.
മുളച്ചു വരുന്ന ഞാറ് സൂര്യപ്രകാശം കൊണ്ടു നാമ്പെടുത്തു വരണം. വെള്ളം കെട്ടി നിന്നാൽ മുളച്ചു വരുന്ന നെൽച്ചെടികൾ ചീയും.
സമയത്തു വിത്തു ലഭിക്കാത്തതും കർഷകർക്കു തിരിച്ചടിയാകുന്നു.
കുട്ടനാട്ടിൽ ചമ്പക്കുളം വെളിയനാട് അസി. ഡയറക്ടറുടെ കീഴിലുള്ള കൃഷി ഭവൻ പരിധിയിൽ വരുന്ന കർഷകർക്ക് ഇതുവരെ വിത്തു ലഭിച്ചിട്ടില്ല.
തുലാം ഒന്നു മുതൽ വിത ആരംഭിക്കേണ്ടതാണ്. ഒട്ടേറെ പാടശേഖരങ്ങളാണ് വിതയ്ക്കാൻ ഒരുക്കിയിട്ടിരിക്കുന്നത്.
വിത്ത് ലഭിക്കാത്തതിനാൽ വീണ്ടും വെള്ളം കയറ്റി ഇട്ടിരിക്കുകയാണ്. കുട്ടനാട്ടിൽ തകഴി കൃഷി ഭവൻ പരിധിയിൽ മാത്രമാണ് സമയത്തു വിത്ത് ലഭിച്ചത്.
കഴിഞ്ഞ സീസണിലെ കണക്കനുസരിച്ച് ജില്ലയിൽ 30000 ഹെക്ടറിലധികം സ്ഥലത്ത് കൃഷി നടക്കും എന്നാണു പ്രതീക്ഷ.
ഒരു മാസം മുൻപ് പുഞ്ച ലേലം നടത്തി പാടശേഖരത്തെ വെള്ളം വറ്റിക്കാൻ തുടങ്ങിയതാണ്. അന്നു തന്നെ വിത്തിനുള്ള നടപടി ആരംഭിച്ചിരുന്നുവെങ്കിൽ സമയത്തു വിത്ത് ലഭിക്കുമായിരുന്നുവെന്നും കർഷകർ പറയുന്നു.
സമയത്ത് വിതയ്ക്കാൻ കഴിയുന്നില്ലെങ്കിൽ വൻ പ്രതിസന്ധിയാകും ഉണ്ടാകുക. വിത ആരംഭിച്ചാൽ ഒന്നര മാസം കൊണ്ടാണു പൂർത്തിയാകുന്നത്.
ഒന്നിച്ചു വിതച്ചാൽ തൊഴിലാളി ക്ഷാമം മുതൽ കൊയ്ത്ത് യന്ത്രം എത്തിക്കുന്നതും, നെല്ല് സംഭരിക്കുന്നതും വരെ വിവിധ പ്രതിസന്ധികൾ നേരിടേണ്ടിവരും.
നെല്ലു സംഭരണത്തിൽ ആശയക്കുഴപ്പം
എടത്വ ∙ നെല്ലു സംഭരണത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ കൊയ്ത്തു നീട്ടി കൊണ്ടുപോകുന്ന കർഷകർക്കു മഴ തിരിച്ചടി ആകുന്നു. തുടർച്ചയായി പെയ്ത മഴ മൂലം ചമ്പക്കുളം കൃഷിഭവനിൽപെട്ട
ഉന്തം വേലി നന്തികാട് വരമ്പിനകം പാടം, പാട്ടത്തി വരമ്പിനകം പാടം എന്നിവിടങ്ങളിലെ നെൽച്ചെടികളാണു വീണത്. 128 ദിവസം പിന്നിട്ട നെൽച്ചെടികളാണിത്.
നെല്ല് കൊയ്തെടുത്ത ഉടൻ സംഭരണം നടത്തണം അതിനാലാണു കൊയ്ത്ത് നടത്താതെ നീട്ടിക്കൊണ്ടു പോകുന്നത്.
ഇനിയും മഴ പെയ്താൽ പാടത്ത് വെള്ളക്കെട്ട് ആകും. ഇതു വീണു കിടക്കുന്ന നെല്ല് മുളയ്ക്കുന്നതിനു കാരണമാകും.
നല്ല ഉണക്കു സമയത്ത് കൊയ്തെടുത്ത കരുവാറ്റ ഈരാംങ്കേരി പാടത്ത് നെല്ല് സംഭരിക്കാൻ 17 കിലോയാണു കിഴിവ് (അധിക നെല്ല്) വാങ്ങിയത്. നെല്ലു സംഭരണത്തിലെ പാളിച്ചയാണ് ഇതിനെല്ലാം കാരണമായി കർഷകർ പറയുന്നത്.
മില്ലുകാർ സംഭരണത്തിൽ നിന്നുവിട്ടു നിൽക്കുന്നതിനാൽ പാലക്കാട്ടു പോലും വളരെ വില കുറച്ച് ചെറുകിട മില്ലുകാർക്കു നെല്ലു കൊടുക്കുകയായിരുന്നു.
കുട്ടനാട്ടിൽ ആ സ്ഥിതി വന്നാൽ കാർഷിക മേഖലയിൽ വൻ തിരിച്ചടിയാകും. രണ്ട് ആഴ്ചകൾക്കുള്ളിൽ കൂടുതൽ പാടത്ത് കൊയ്ത്ത് നടക്കേണ്ടതാണ്. പലയിടത്തും പുഞ്ചക്കൃഷി ആരംഭിച്ചിട്ടുണ്ട്.
നാലു മാസത്തിനുള്ളിൽ വീണ്ടും കൊയ്ത്തു വരും. സംഭരണവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചാൽ മാത്രമേ നെല്ലു സംഭരണം സുഗമമാക്കാൻ കഴിയുകയുള്ളൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

