ചാരുംമൂട്∙ നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ 94 കെട്ടിടങ്ങളിൽ 52 കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കൊടുത്തിട്ടുണ്ടെന്നും 42 കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്നും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം.
താലൂക്ക് വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്നു വെളിപ്പെടുത്തുന്ന നോട്ടിസുകളും പതിച്ചു. സുരക്ഷയില്ലാത്ത കെട്ടിടങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും ഇതോടൊപ്പം പുതിയതായി നിർമിച്ച 3 കെട്ടിടങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഇവ ഉപയോഗിക്കാതെ കിടന്നാൽ നാശനഷ്ടങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്നും പറയുന്നു.
ലൈബ്രറി കെട്ടിടം ഉപയോഗിക്കുന്നില്ലെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഇതു സംബന്ധിച്ച് വിശദമായ കത്ത് ആരോഗ്യവകുപ്പിന് കൊടുക്കാനും റിപ്പോർട്ട് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. നിലവിൽ 33 പുരുഷന്മാർ താമസിക്കുന്ന വാർഡുകൾ സുരക്ഷിതമല്ലെന്ന് നിരന്തരം പരാതി അറിയിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ താലൂക്ക് വികസന സമിതിയിൽ അന്തേവാസികളുടെ നിലവിലുള്ള താമസ പ്രശ്നം അംഗങ്ങൾ ഉന്നയിച്ചെങ്കിലും ശക്തമായ നടപടി എടുത്തില്ലെന്ന് ആരോപണം ഉണ്ട്. 28 കോടി രൂപ മുടക്കി പണിത കെട്ടിടം ചോർന്നതിന്റെ വിശദീകരണവും അംഗങ്ങൾ ആവശ്യപ്പെട്ടു.
വാർഡുകൾ ഇപ്പോഴും പല ഭാഗത്തായി നിലകൊള്ളുന്നതിനാൽ ലെപ്രസി അന്തേവാസികൾ പഴയ കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. ഈ കെട്ടിടങ്ങൾ സുരക്ഷിതമല്ല.
പുതിയതായി നിർമിച്ച കെട്ടിടത്തിലേക്ക് അന്തേവാസികളെ മാറ്റി താമസിപ്പിക്കണമെന്ന അംഗങ്ങളുടെ ആവശ്യത്തിന് വ്യക്തമായ മറുപടി അധികൃതർ നൽകിയില്ല.
പുതിയ രു കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഒപിയും ഓഫിസും പ്രവർത്തിക്കുകയാണ്. മറ്റൊരു കെട്ടിടം നഴ്സിങ് കോളജിനായും നൽകിയിരിക്കുകയാണ്. സാനറ്റോറിയം വളപ്പിൽ പല ഭാഗത്തും വഴിവിളക്കുകളില്ലെന്നും കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണെന്നും വികസനസമിതി യോഗത്തിൽ വിവിധ അംഗങ്ങൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]