
കായംകുളം∙ ദേശീയപാതയിൽ പാഴ്സൽ ലോറി തടഞ്ഞു 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ കവർച്ചാ സംഘം സഞ്ചരിച്ച കാറും ഉടമയെയും കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണു മുഖ്യപ്രതികളിൽ ഒരാളായ ദുരൈ അരസിന്റെ സുഹൃത്തിനെ പിടികൂടിയത്.
ദുരൈ അരസ് പലതവണ ആവശ്യപ്പെട്ടപ്പോൾ വാഹനം വിട്ടുകൊടുത്തതാണെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. ഇയാൾ കവർച്ചയിൽ നേരിട്ടു പങ്കെടുത്തിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരമെങ്കിലും ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കാനാണു കസ്റ്റഡിയിൽ എടുത്തതെന്നു പൊലീസ് വ്യക്തമാക്കി.
എസ്എച്ച്ഒ: ജെ.നിസാമുദീന്റെ നേതൃത്വത്തിലാണു കാർ ഉടമയെ കസ്റ്റഡിയിൽ എടുത്തത്.
ഏതെങ്കിലും തരത്തിലുള്ള സഹായം ഇയാളിൽനിന്നു പ്രതികൾക്കു ലഭിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ പ്രതിയാക്കുമെന്നു പൊലീസ് പറഞ്ഞു. രണ്ടു കാറുകളിലായാണ് 9 അംഗ സംഘം ജൂൺ 13നു പുലർച്ചെ എത്തി പാഴ്സൽ ലോറി തടഞ്ഞ് പണം കടത്തിക്കൊണ്ടു പോയത്. ഇപ്പോൾ പിടികൂടിയ കാർ കുറുകെയിട്ടാണു ലോറി തടഞ്ഞത്.
പണം കവർച്ച ചെയ്ത ശേഷം ഒരു സംഘം മറ്റൊരു കാറിൽ കയറി പാഞ്ഞുപോയി.
ആ കാർ നേരത്തേ തമിഴ്നാട്ടിൽനിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് ലോറി പരിശോധിച്ച് പണം അപഹരിച്ചത്.
കേസിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവരെ തമിഴ്നാട്ടിൽ പലയിടത്തായി പൊലീസ് ഇപ്പോഴും തിരയുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]