ആലപ്പുഴ ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർക്കെതിരെ സിപിഎം നടപടി സ്വീകരിക്കാത്തതു ദുരൂഹമാണെന്നും നടപടിയെടുത്താൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്ന ഭയമാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. പ്രതികൾക്കു രാഷ്ട്രീയ- ഭരണ സംരക്ഷണമുണ്ട്.
കേസിലെ യഥാർഥ പ്രതികൾ സ്വൈരവിഹാരം നടത്തുകയാണ്.
തൊണ്ടിമുതൽ എവിടെപ്പോയെന്നു പോലും അറിയില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി തീരാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ പ്രതികളെ കണ്ടെത്താൻ ഊർജിത ശ്രമം നടത്തണം.
താൻ പ്രതിപക്ഷ നേതാവായിരിക്കെ പുരാവസ്തുക്കൾ ലേലത്തിൽ വിൽക്കാനുള്ള അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന്റെ ശ്രമം നിയമസഭയിൽ ഇടപെടൽ നടത്തിയാണു മരവിപ്പിച്ചത്. സൂക്ഷിക്കാൻ ഇടമില്ലാത്തതിനാലാണു പുരാവസ്തുക്കൾ വിൽക്കുന്നതെന്ന വിചിത്ര മറുപടിയാണ് അന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘എസ്ഐആർ പരിഷ്കരണത്തിൽ വ്യാപകമായ പാകപ്പിഴകൾ’
ആലപ്പുഴ ∙ സമഗ്ര വോട്ടർപട്ടിക (എസ്ഐആർ) പരിഷ്കരണത്തിൽ വ്യാപകമായ പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെന്നും പേരുകൾ വിട്ടുപോയ യഥാർഥ വോട്ടർമാരെ പട്ടികയിലുൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ.
അപ്പീലിന് അവസരമുണ്ടെങ്കിലും നടപടികൾ വേഗത്തിലാക്കാൻ കമ്മിഷൻ തയാറാകണം. അപ്പീലിന്റെ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും വില്ലേജ് ഓഫിസുകളിൽ രേഖകളുമായെത്തുന്നവരെ വോട്ടർ പട്ടികയിൽ ചേർക്കാൻ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷ്ണുപുരം ചന്ദ്രശേഖരൻ തന്നെ 2 തവണ കണ്ടിരുന്നെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ ∙ യുഡിഎഫിൽ ചേരാനുള്ള തീരുമാനത്തിൽ നിന്നു കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ പിന്മാറിയതിന്റെ കാരണം അറിയില്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ.
തന്നെ രണ്ടുതവണ നേരിൽക്കണ്ടു മുന്നണിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്കു ക്ഷണിക്കേണ്ടതില്ല.
രാഷ്ട്രീയമായി അതു ശരിയല്ല. അവർ നിലവിൽ മറ്റൊരു മുന്നണിയിലാണ്.
അവർക്കു താൽപര്യമുണ്ടെങ്കിൽ അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസിയിൽ കെ.കരുണാകരൻ അനുസ്മരണം
ആലപ്പുഴ∙ കെ.കരുണാകരൻ 21–ാം നൂറ്റാണ്ടിൽ ആരംഭിച്ച വികസന പദ്ധതികളാണു കേരളം നേടിയ പുരോഗതിക്കു തുടക്കമിട്ടതെന്നു കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ഡിസിസി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെടുമ്പാശേരി വിമാനത്താവളം, ഗോശ്രീ, കൊച്ചി രാജ്യാന്തര വിമാനത്താവളം, ഗോശ്രീ പദ്ധതിയെല്ലാം കരുണാകരനെപ്പോലെ ഒരു ഭരണാധികാരി നമുക്കു തന്ന മറക്കാനാവാത്ത വികസന അടയാളങ്ങളാണ്. അഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ നക്സൽ–തീവ്രവാദി പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയുന്ന നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്.
പിണറായി സർക്കാർ നാലു മാവോയിസ്റ്റുകളെ വിചാരണ കൂടാതെയാണ് വെടി വച്ചു കൊന്നത്. നക്സലിസത്തെ ഉന്മൂലനം ചെയ്ത കെ.കരുണാകരനെ പോലെയൊരാൾ മുഖ്യ മന്ത്രിയായിരുന്ന സംസ്ഥാനത്താണിതെന്ന കാര്യം നമ്മൾ ഓർമിക്കണം.
ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ഡി.സുഗതൻ, ഡിസിസി ഭാരവാഹികളായ ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, റീഗോ രാജു, ടി.വി.രാജൻ, ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു, ബഷീർ കോയാപറമ്പൻ, മോളി ജേക്കബ്, കെ.നൂറുദ്ദീൻ കോയ, ഷോളി സിദ്ധകുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

