ആലപ്പുഴ∙ തങ്ങൾക്കു സാധിക്കാതിരുന്ന നേട്ടങ്ങൾ മകൻ അതിവേഗം കീഴടക്കുന്നതിന്റെ ആനന്ദമുണ്ട് ചെത്തി തയ്യിൽ ജയ്മോന്റെയും സിനിമോളുടെയും കണ്ണുകളിൽ. സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ സ്പ്രിന്റിൽ സ്വർണം നേടിയ ടി.എം.
അതുലിന്റെ നേട്ടം ചെത്തിയിലെ ഈ മത്സ്യത്തൊഴിലാളി കുടുംബത്തിന് അഭിമാനനിമിഷം. അതുലിന്റെ മാതാപിതാക്കളായ ടി.എക്സ്.ജയ്മോനും സിനിമോളും സ്കൂൾ പഠനകാലത്തു ട്രാക്കിലെ വേഗതാരങ്ങളായിരുന്നു.
പക്ഷേ സ്കൂൾ തലത്തിന് അപ്പുറത്തേക്ക് ആ പ്രകടനം വളരാൻ അന്നത്തെ സാഹചര്യങ്ങൾ അനുവദിച്ചില്ല.
കായികതാരമാകാനുള്ള മകന്റെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാൻ ഇവരെ പ്രേരിപ്പിച്ചത് അന്നത്തെ സങ്കടങ്ങൾ കൂടിയാണ്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്വർണം നഷ്ടമായ അതുലിന് റെക്കോർഡ് സമയത്തോടെയുള്ള ഈ സുവർണനേട്ടം മധുരപ്രതികാരമായി.
ചാരമംഗലം ഗവ.
ഡിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ അതുൽ എട്ടാം ക്ലാസ് മുതലാണ് ട്രാക്കിൽ സജീവമായത്. കഴിഞ്ഞ വർഷത്തെ ജില്ലാ കായികമേളയിൽ 100, 200, 400 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടി വ്യക്തിഗത ചാംപ്യനായിരുന്നു. സംസ്ഥാന കായികമേളയിൽ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളി നേടി.
ദേശീയ സ്കൂൾ അത്ലറ്റിക്സിൽ 4–100 റിലേയിൽ സ്വർണം നേടിയ കേരള ടീമിൽ അംഗമായിരുന്നു. ഒഡീഷയിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്സിൽ 100 മീറ്റർ ഓട്ടത്തിൽ വെങ്കലവും സ്വന്തമാക്കി.
ഇത്തവണ ജില്ലാ സ്കൂൾ കായികമേളയിൽ 100, 200 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിയ അതുൽ ഇന്നു നടക്കുന്ന 200 മീറ്റർ മത്സരത്തിലും ട്രാക്കിലിറങ്ങുന്നുണ്ട്.
കെഎൻജിഎം അക്കാദമിയിലെ കെ.ആർ.സാംജിയുടെ കീഴിലാണു പരിശീലനം. ഏക സഹോദരി അനന്യ മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

