ചേർത്തല∙ വാരനാട് നിന്നു 13 വർഷം മുൻപു കാണാതായ റിട്ട.ഗവ ജീവനക്കാരി ഐഷയെ (ഹയറുമ്മ–58) ബിന്ദു പത്മനാഭൻ, ജെയ്നമ്മ വധക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടിൽ വച്ചു കൊലപ്പെടുത്തിയെന്നു പൊലീസ്. സ്ഥലം വാങ്ങാൻ ഐഷ സ്വരുക്കൂട്ടി വച്ചിരുന്ന പണവും സ്വർണവും ആവശ്യമുള്ള സമയത്തു തിരിച്ചുതരാം എന്ന ഉറപ്പിൽ സെബാസ്റ്റ്യൻ വാങ്ങിയിരുന്നു.
ഐഷ ഇതു തിരിച്ചു ചോദിച്ചപ്പോഴാണു കൊലപാതകം നടത്തിയതെന്നും ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ ചേർത്തല പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
അപേക്ഷ പരിഗണിച്ച കോടതി സെബാസ്റ്റ്യനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പള്ളിപ്പുറത്തെ വീട്ടിൽ ഉൾപ്പെടെ സെബാസ്റ്റ്യനെ എത്തിച്ച് ഈ കേസിലും തെളിവെടുപ്പു നടത്തും.
തദ്ദേശവകുപ്പ് ജീവനക്കാരിയായിരുന്ന ഐഷയെ 2012 മേയ് 13നാണു കാണാതായത്.
വൈകിട്ട് 5ന് ആലപ്പുഴയിലേക്ക് എന്നു പറഞ്ഞു വാരനാട്ടെ വീട്ടിൽ നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ലെന്നാണു പരാതി. അന്നു തന്നെ സെബാസ്റ്റ്യൻ ഐഷയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തെന്നാണു പൊലീസിന്റെ റിപ്പോർട്ട്.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഐഷയുടേതാണോ എന്നു സംശയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഐഷയെ കാണാതായി ഒരാഴ്ചയ്ക്കു ശേഷം മകന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ലെന്നു കാണിച്ചു 2012 ഒക്ടോബർ 16ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി ജെയ്നമ്മ(54)യുടെ തിരോധാനക്കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായപ്പോഴാണു കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെയും (52) ഐഷയുടെയും തിരോധാനക്കേസുകളിലും തുമ്പുണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

