ആലപ്പുഴ∙ വിപണി ആവശ്യപ്പെടുന്ന രീതിയിൽ ഉൽപന്ന വൈവിധ്യവൽക്കരണം നടപ്പാക്കിയും യന്ത്രവൽക്കരണം ഉൾപ്പെടെ മാർഗങ്ങളിലൂടെ ഉൽപാദനക്ഷമത വർധിപ്പിച്ചും കയർ മേഖലയുടെ പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങളുമായി വ്യവസായവകുപ്പിന്റെ കയർ കോൺക്ലേവ്. കൂടിയ ഉൽപാദനച്ചെലവും കുറഞ്ഞ കൂലിയുമാണ് കയർമേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്നു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത മന്ത്രി പി.രാജീവ് പറഞ്ഞു.
വിപണി ആവശ്യപ്പെടുന്ന തരം ഉൽപന്നങ്ങൾ ഇല്ലാത്തതും ഉള്ളതിന് വിപണിയിൽ മത്സരിക്കാനുള്ള ഗുണമേന്മ ഇല്ലാത്തതും പ്രതിസന്ധിയാണ്.
പരമ്പരാഗത രീതികൾ പിന്തുടരുന്നതാണ് ഉൽപാദനച്ചെലവ് കൂടാൻ കാരണം. യന്ത്രവൽക്കരണം നടപ്പാക്കും. 750 കയർപിരി യന്ത്രങ്ങൾ സർക്കാർ വിതരണം ചെയ്തു.
100 യന്ത്രങ്ങൾ വീതമുളള കയർ ക്ലസ്റ്റർ രൂപീകരിക്കുന്നതോടെ ഉൽപാദനം കൂടും. അതിനനുസരിച്ച് തൊഴിലാളികൾക്കു കൂടുതൽ കൂലിയും കിട്ടും.
ആദ്യ ക്ലസ്റ്റർ രൂപീകരിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചെന്നു മന്ത്രി അറിയിച്ചു.
പുതിയ ഡിസൈനിലുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി ചേർന്നു തൊഴിലാളികൾക്കു പരിശീലനം നൽകുന്ന പദ്ധതി കയർ കോർപറേഷൻ ആരംഭിച്ചിട്ടുണ്ട്. ചകിരി ക്ഷാമമാണു മറ്റൊരു വെല്ലുവിളി.
ഒരു വർഷം 12 ലക്ഷം ക്വിന്റൽ ചകിരിയാണ് ആവശ്യം. കേരളത്തിന്റെ ഉൽപാദനം 3 ലക്ഷം ക്വിന്റൽ മാത്രം.
ഇതിൽ 1.25 ലക്ഷം ക്വിന്റൽ മാത്രമാണ് ഉൽപാദനത്തിന് ലഭിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണു ഫൈബർ ബാങ്ക് രൂപീകരിക്കുന്നത്.
6 മാസത്തേക്കുള്ള ചകിരി സംഭരിച്ച് സംഘങ്ങൾക്കു വിതരണം ചെയ്യും.
ഹരിതകർമസേനയെ ഉപയോഗിച്ചു കേരളത്തിൽ നിന്നു പരമാവധി ചകിരി സംഭരിക്കാൻ കഴിയും. കയർ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള ഉപയോഗിക്കാത്ത സ്ഥലങ്ങൾ വ്യവസായ ആവശ്യങ്ങൾക്കു പാട്ടത്തിന് നൽകിയും വരുമാനം കണ്ടെത്താമെന്നും മന്ത്രി രാജീവ് പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ചെയർമാൻ എം.എച്ച്.റഷീദ്, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ എന്നിവർ പ്രസംഗിച്ചു.
തൊഴിലാളി യൂണിയൻ, കയർപിരി സംഘം, ചെറുകിട ഉൽപാദകസംഘം പ്രതിനിധികളെ ഉൾപ്പെടുത്തി ‘പുതിയ കാലം; പുതിയ സമീപനം’ എന്ന വിഷയത്തിലും കയറ്റുമതിക്കാരെയും മാറ്റ്സ് ആൻഡ് മാറ്റിങ്സ് സംഘങ്ങളിലെ പ്രതിനിധികളെയും ഉൾപ്പെടുത്തി ‘കമ്പോള വെല്ലുവിളിയും ബദൽ മാർഗങ്ങളും’ എന്ന വിഷയത്തിലും ചർച്ച നടത്തി.
കയർ വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടികൾ കയർ വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് അവതരിപ്പിച്ചു. റിപ്പോർട്ടിലെ ചില നിർദേശങ്ങൾ തൊഴിലാളിവിരുദ്ധമാണെന്നു ചർച്ചയിൽ വിമർശനമുയർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]