ആലപ്പുഴ∙ വാഹനാപകടത്തെത്തുടർന്ന് ഗവ.മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയ യുവാവിന്റെ മുറിവിനുള്ളിൽ നിന്ന് 5 മാസത്തിനു ശേഷം 6 സെന്റിമീറ്ററോളം നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തിയ സംഭവത്തിൽ ചികിത്സപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ 4 ഡോക്ടർമാർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ഫൈബർ ചില്ല് എക്സ് റേയിൽ കണ്ടെത്താൻ സാധിക്കില്ലെന്നതിനാൽ ഇക്കാര്യത്തിൽ ആശുപത്രി അധികൃതർക്കു വീഴ്ചയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അപകടം പറ്റി ചികിത്സ തേടിയപ്പോൾ മുറിവിലെ ചില്ല് നീക്കം ചെയ്യാതെ തുന്നലിട്ടതിനെപ്പറ്റി വിശദീകരണമില്ല.
തുന്നലും പ്ലാസ്റ്ററും നീക്കം ചെയ്ത് 5 മാസം കഴിഞ്ഞിട്ടും കാലു നിലത്തു കുത്താൻ പോലും പറ്റാത്ത വിധം വേദന തുടർന്നതോടെ യുവാവ് 3 വട്ടം മെഡിക്കൽ കോളജിലെത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല.
ഒടുവിൽ പുന്നപ്രയിലെ സഹകരണ ആശുപത്രിയിലെ ഡോക്ടറാണു മുറിവിനുള്ളിലെ ചില്ലു കണ്ടെത്തി നീക്കം ചെയ്തത്. എന്നാൽ കാലിനുള്ളിൽ എന്തോ വസ്തു ഉള്ളതായി സംശയം തോന്നിയതിനെത്തുടർന്നാണ് മുറിവ് കീറി പരിശോധിക്കുന്നതിനായി യുവാവിനെ മെഡിക്കൽ കോളജ് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെന്നും ഇവർ ഡിസ്ചാർജ് ആവശ്യപ്പെട്ടു മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയതിനാൽ ഇതു സാധിച്ചില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ട്.
ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായ പുന്നപ്ര കൊച്ചുപറമ്പിൽ അനന്തുവിന് (27) 2025 ജൂലൈ 17നാണ് ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് മറിഞ്ഞു വലതു കാൽമുട്ടിനു താഴെ മുറിവേറ്റത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചു മുറിവിൽ തുന്നലിട്ടു വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം അസ്ഥി രോഗവിഭാഗത്തിലെ ഡോക്ടർമാർ പ്ലാസ്റ്ററുമിട്ടു.
മുറിവുണങ്ങി തുന്നലും പ്ലാസ്റ്ററും നീക്കിയിട്ടും കാലിന്റെ വേദന മാറിയില്ല. മുറിവുണ്ടായ ഭാഗം മുഴച്ചു നിന്നു; അതിൽ നിന്നു പഴുപ്പ് പുറത്തേക്കൊഴുകി.
5 മാസമായിട്ടും ഭേദമാകാതെ വന്നതോടെയാണു ഡിസംബർ രണ്ടാം വാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയതെന്ന് അനന്തു പറയുന്നു.
‘‘ ഡോക്ടർ പഴുപ്പ് മാറാനുള്ള മരുന്നു നൽകി വിട്ടു. ഒരാഴ്ച കഴിഞ്ഞു വീണ്ടുമെത്തിയപ്പോൾ ഡോക്ടറെ കാണാനായില്ല.
നഴ്സുമാർ പഴുപ്പുള്ള ഭാഗം വച്ചുകെട്ടി വിട്ടു. മൂന്നാം തവണയെത്തിയപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം രക്തപരിശോധന നടത്തി.
പ്രമേഹം ഉള്ളതിനാലാണ് മുറിവ് ഉണങ്ങാത്തതെന്നും തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിചികിത്സ വേണമെന്നും പറഞ്ഞു. എന്നാൽ ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ ഡിസംബർ 30ന് പുന്നപ്രയിലെ സഹകരണ ആശുപത്രിയിലെത്തി’’.
മുഴച്ച ഭാഗം പരിശോധിച്ചപ്പോൾ തന്നെ ഉള്ളിൽ എന്തോ ഉണ്ടെന്നു ഇവിടെയുള്ള നഴ്സുമാർ അറിയിച്ചതായി അനന്തു പറയുന്നു. മുറിവേറ്റ ഭാഗത്തു 6 സെന്റിമീറ്റർ നീളമുള്ള ഫെബർ ചില്ല് ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തി.
ശസ്ത്രക്രിയ നടത്തി ഇതു പുറത്തെടുക്കുകയായിരുന്നു. തുടർന്നു ചികിത്സപ്പിഴവിൽ നടപടി ആവശ്യപ്പെട്ട് അനന്തു മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനു നൽകിയ പരാതിയിലാണ് നാലംഗ സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

