ചെങ്ങന്നൂർ∙ വാക്കുതർക്കത്തിനിടെ കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 31 വർഷത്തിനു ശേഷം അറസ്റ്റിൽ. ചെറിയനാട് അരിയന്നൂർശേരി ചെന്നംകോടത്ത് കുട്ടപ്പപ്പണിക്കരെ (71) കൊലപ്പെടുത്തിയ കേസിൽ അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെ(57)യാണ് ചെന്നിത്തലയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. 1994 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം. കുട്ടപ്പപ്പണിക്കർ കൊല്ലപ്പെട്ടതിനു പിന്നാലെ സൗദിയിലെ ജോലിസ്ഥലത്തേക്കു മടങ്ങിയ പ്രതി സംഭവ സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ഭാര്യവീട്ടിൽ പലതവണ വന്നുപോയിട്ടും പൊലീസിനോ നാട്ടുകാർക്കോ കണ്ടെത്താനായില്ല.സൗദിയിൽ നിന്നു ജയപ്രകാശ് അവധിക്കു നാട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.
മരിച്ചുപോയ അച്ഛനെക്കുറിച്ചു മോശമായി സംസാരിച്ച കുട്ടപ്പപ്പണിക്കരെ വീടിനു സമീപത്തെ കനാൽറോഡിൽ കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും ഗുരുതരമായി പരുക്കേൽപിച്ചെന്നാണു കേസ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 4നാണ് കുട്ടപ്പപ്പണിക്കർ മരിച്ചത്. പിന്നാലെ മുംബൈയിലേക്കു കടന്ന ജയപ്രകാശ് സൗദിയിലെ ജോലിസ്ഥലത്തേക്കു പോയി.പിന്നാലെ നാട്ടിലെ സ്ഥലം വിറ്റ് അമ്മയും സഹോദരങ്ങളും ഉൾപ്പെടെ കാഞ്ഞങ്ങാട്ടേക്ക് താമസം മാറ്റി. ഏറെ കാലത്തിനു ശേഷം കാഞ്ഞങ്ങാട് സ്വദേശിയെന്നു പരിചയപ്പെടുത്തി ചെന്നിത്തലയിൽനിന്നു വിവാഹിതനായ ജയപ്രകാശ് കുറച്ചു നാളുകൾക്കു ശേഷം ചെന്നിത്തലയിൽ സ്വന്തമായി വീടുവച്ചു താമസമാക്കുകയായിരുന്നു.
ഇയാളെ പ്രതിയാക്കി 1997 ഏപ്രിൽ 30നു ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പല തവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. 1999ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച സ്ക്വാഡിന്റെ അന്വേഷണത്തിലാണു പ്രതി സൗദിയിൽ നിന്ന് അവധിക്കു വീട്ടിൽ എത്തിയതായി അറിഞ്ഞത്.
26നു മടങ്ങാനിരിക്കെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാറാതെ പേര്, മാറിയതു വിലാസം
കുട്ടപ്പപ്പണിക്കരുടെ കൊലപാതകത്തിനു പിന്നാലെ പ്രതി ജയപ്രകാശിന്റെ അമ്മയും സഹോദരനും സഹോദരിയും ചെറിയനാട്ടെ വീടും സ്ഥലവും വിറ്റ് നാടുവിട്ടു.
സഹോദരി താമസിക്കുന്ന കാസർകോട് കാഞ്ഞങ്ങാട്ടും സഹോദരൻ താമസിക്കുന്ന പുണെയിലും അന്വേഷണം നടത്തിയാണ് പ്രതി സൗദിയിലാണെന്നു പൊലീസ് കണ്ടെത്തിയത്. തുടർന്നു നടത്തിയ രഹസ്യാന്വേഷണത്തിൽ ചെന്നിത്തല കാരാഴ്മയിൽ നിന്നു വിവാഹം കഴിച്ചതായും പ്രതി അവിടെ സ്വന്തമായി വീടുവച്ചുതാമസിച്ചതായും അറിഞ്ഞു. കാഞ്ഞങ്ങാട് സ്വദേശി എന്ന പേരിലാണ് ജയപ്രകാശ് വിവാഹം കഴിച്ചത്.
കൊലപാതകത്തിനു ശേഷം ജയപ്രകാശ് പാസ്പോർട്ടിലെ മേൽവിലാസം കാഞ്ഞങ്ങാട്ടെ വിലാസത്തിലേക്കും പിന്നീട് ചെന്നിത്തലയിലെ വിലാസത്തിലേക്കും മാറ്റിയിരുന്നു. വർഷത്തിലൊരിക്കൽ അവധിക്കു ചെന്നിത്തലയിൽ എത്തിയിരുന്നതായും പൊലീസ് പറയുന്നു.
എന്നാൽ നാട്ടുകാരുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല.
ആധാർ കാർഡിലും തിരിച്ചറിയൽ കാർഡിലും പാസ്പോർട്ടിലുമെല്ലാം മേൽവിലാസം കാസർകോട്ടെയും ചെന്നിത്തലയിലേയും ആയിരുന്നതിനാൽ വിദേശത്തു നിന്നെത്തുന്നവരെ കൃത്യമായി നിരീക്ഷിച്ചിരുന്ന കോവിഡ് കാലത്തു പോലും പ്രതി പിടിയിലായില്ല. ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ എ.സി.വിപിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതി പിടിയിലായതോടെ കൊലപാതകക്കേസ് പുനരന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]