
ആലപ്പുഴ∙ മുൻ വർഷങ്ങളിലെ പോരായ്മകൾ പരിഹരിച്ച്, ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പരിഷ്കരിച്ച പെരുമാറ്റച്ചട്ടത്തോടെയാണ് ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി നടക്കുകയെന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളിയുടെ ക്യാപ്റ്റൻസ് ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.കെ.സദാശിവൻ അധ്യക്ഷത വഹിച്ചു. വള്ളംകളിയിൽ പാലിക്കേണ്ട
നിബന്ധനകൾ വിശദമാക്കുകയും ടീമുകളുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു.വിധികർത്താക്കളുടെ കാഴ്ചയിൽ കണ്ടതും ക്യാമറ ദൃശ്യങ്ങൾ വിലയിരുത്തിയും ടൈമർമാരോട് ആശയവിനിമയം നടത്തിയതിനും ശേഷമേ വിധി പ്രഖ്യാപിക്കൂവെന്നു സംഘാടകസമിതി അറിയിച്ചു.
സമ്മാന വിതരണ ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്ന ടീമിനെയും ക്യാപ്റ്റനെയും മൂന്നു വർഷത്തേക്ക് അയോഗ്യരാക്കും. ക്യാപ്റ്റൻസ് ക്ലിനിക്കിൽ പങ്കെടുക്കാത്തവരുടെ ബോണസിൽ 50 ശതമാനം കുറവ് വരുത്തുമെന്നും അറിയിച്ചു.അതേസമയം ഇതര സംസ്ഥാന തുഴച്ചിലുകാരുടെ എണ്ണവും തടിത്തുഴ ഉപയോഗിക്കുന്നതും സ്റ്റാർട്ടിങ് പോയിന്റിൽ നിൽക്കുമ്പോൾ മറ്റു വള്ളക്കാർക്കു കണ്ടുപിടിക്കുന്നതിനും ആക്ഷേപം ഉന്നയിക്കുന്നതിനും ബുദ്ധിമുട്ടുണ്ടെന്നും സംഘാടകർ തന്നെ കൃത്യമായ പരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നു.
25 ശതമാനത്തിലേറെ ഇതര സംസ്ഥാന തുഴച്ചിലുകാരുമായി ട്രാക്കിനു സമീപത്തേക്കു വരുന്ന വള്ളങ്ങളെ അയോഗ്യരാക്കണം.ഫിനിഷിങ് ലൈനിൽ ആദ്യം തൊടുന്നതാണോ മറികടക്കുന്നതാണോ വിജയികളെ തീരുമാനിക്കാനുള്ള മാനദണ്ഡമെന്നു വ്യക്തമാക്കണമെന്നും കമുകിനു പകരം നല്ല പോളുകൾ ഫിനിഷിങ് ലൈനിൽ ഉപയോഗിക്കണമെന്നും ആവശ്യമുണ്ട്.
ചെറുവള്ളങ്ങൾ നെഹ്റു പവിലിയനു കിഴക്കുഭാഗത്തു കൂടി പോകുമ്പോൾ ബോട്ടുകളുടെ തിരയിൽപെട്ടു മുങ്ങുന്നെന്നും അതിനാൽ ട്രാക്കിനു പടിഞ്ഞാറു ഭാഗത്തു കൂടി സ്റ്റാർട്ടിങ് പോയിന്റിലേക്കു പോകാൻ അനുവദിക്കണമെന്നും ചെറുവള്ളങ്ങളുടെ ക്യാപ്റ്റൻമാർ ഉന്നയിച്ചു.
സബ് കലക്ടറും എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ സമീർ കിഷൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ.ഷാജു, ആർ.കെ.കുറുപ്പ്, വി.സി.ഫ്രാൻസിസ്, എം.വി.ഹൽത്താഫ്, കെ.എം.അഷ്റഫ്, എസ്.ഗോപാലകൃഷ്ണൻ, കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി.എസ്.വിനോദ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]