ആലപ്പുഴ ∙ ‘‘2010ൽ നെഹ്റു ട്രോഫി നേടുമ്പോൾ ജവാഹർ തായങ്കരിയുടെ റജിസ്ട്രേഷൻ നമ്പർ 11 ആയിരുന്നു; ഇത്തവണയും 11 ആണ്. ഞങ്ങളാൽ കഴിയുന്ന മികച്ച പ്രകടനം തന്നെ പുന്നമടയിൽ കാഴ്ചവയ്ക്കും’’– ജവാഹർ തായങ്കരിയുടെ സെക്രട്ടറി ജസ്റ്റിൻ മാളിയേക്കൽ പറയുമ്പോൾ കരയൊന്നാകെ രോമാഞ്ചം കൊള്ളുന്നു.
54 വർഷത്തെ ചരിത്രമുള്ള ചുണ്ടൻ 5 തവണ നെഹ്റു ട്രോഫി നേടി. അവസാനമായി 2015ലാണു നെഹ്റു ട്രോഫി നേടിയത്.
14 തവണ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. നീരേറ്റുപുറം വള്ളംകളിയിൽ രണ്ടു ഹാട്രിക്കും താഴത്തങ്ങാടി വള്ളംകളിയിൽ കൂടുതൽ ജയങ്ങളുമുള്ള ചുണ്ടനാണ്.
ചരിത്രത്തിൽ കരുത്തനാണെങ്കിലും സമീപകാലത്തെ നെഹ്റു ട്രോഫി പ്രകടനത്തിൽ കരക്കാർക്കു നിരാശയുണ്ട്.
അതിനുള്ള പരിഹാരത്തിന്റെ ആലോചന പുരോഗമിക്കുകയാണ്– പുതിയ ചുണ്ടൻ പണിയുക. 2027ൽ പുതിയ ചുണ്ടൻ മത്സരത്തിനിറങ്ങുമെന്ന് അശ്വന്ത് പെരുമ്പിടാക്കളം പറയുന്നു.നിലവിൽ 205 ഓഹരി ഉടമകൾ മാത്രമാണ് ഉള്ളതെങ്കിൽ, കരക്കാരെ മുഴുവൻ ഓഹരി ചേർത്താകും പുതിയ ചുണ്ടൻ നിർമിക്കുക.
1966ൽ ഗിയർഗോസ് ചുണ്ടൻ 6000 രൂപയ്ക്കു വാങ്ങിയതോടെയാണു തായങ്കരിക്കാർക്കു സ്വന്തം വള്ളമായതെന്ന് 31 വർഷം വള്ളസമിതി സെക്രട്ടറിയും 10 വർഷം പ്രസിഡന്റുമായിരുന്ന ആന്റണി ഫ്രാൻസിസ് പറഞ്ഞു.
1972ൽ ഈ ചുണ്ടൻ വിറ്റ ശേഷമാണു ഇപ്പോഴത്തെ ചുണ്ടൻ നിർമിച്ചത്. കോയിൽമുക്ക് നാരായണനാചാരി അന്നു നിർമിച്ച ഏരാവ്, മാതാവ് പലകകൾ തന്നെയാണ് ഇപ്പോഴും ചുണ്ടനിലുള്ളത്.
അതിനാൽ തന്നെ ആദ്യ തുഴയിൽ തന്നെ വള്ളം വേഗമെടുക്കുമെന്നു 1977ൽ നെഹ്റു ട്രോഫി നേടിയ ടീമിലെ തുഴച്ചിലുകാരനും ഇപ്പോഴത്തെ വള്ളസമിതി പ്രസിഡന്റുമായ പി.ടി.ജോസഫ് പാട്ടത്തിൽ പറയുന്നു.
മറ്റു ചുണ്ടനുകൾക്കു കരയുടെ പേര് മാത്രമാകുമ്പോൾ ജവാഹർ തായങ്കരി എന്ന പേരു സമ്മാനിച്ച മാടപ്പുരയ്ക്കൽ ചെറിയാൻ ജോസഫിനു വള്ളസമിതി ഇപ്പോഴും നന്ദി പറയുന്നു. കാരണം തായങ്കരി എന്ന സ്ഥലം അറിയാത്തവർ പോലും ജവാഹർ തായങ്കരിയെ അറിയും.
ആ പേരിനും ചരിത്രത്തിനും ഒപ്പമുള്ള മത്സരം കാഴ്ചവയ്ക്കാൻ എഫ്ബിസി കുട്ടനാടിനൊപ്പം യുവ സംഘമായി 30നു പുന്നമടയിൽ എത്തുമെന്നു തായങ്കരിക്കാർ ഒന്നിച്ചു പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]