തുറവൂർ∙ ദേശീയ പാതയിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനും പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളോടെ അരൂരിൽ പൊലീസ് 2002–ൽ സ്ഥാപിച്ച ട്രോമ കെയർ എയ്ഡ് പോസ്റ്റ് ഒടുവിൽ ഓർമ മാത്രമാകുന്നു. 17 വർഷം മുൻപ് അരൂർ കെൽട്രോൺ ജംക്ഷന് സമീപം പ്രവർത്തനം തുടങ്ങിയ പൊലീസ് എയ്ഡ് പോസ്റ്റ് ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായാണ് പൊളിച്ചു നീക്കിയത്.
കാലങ്ങളായി ദേശീയപാതയിൽ അപകടങ്ങൾ പെരുകുമ്പോഴും നോക്കുകുത്തിയായി ദേശീയപാതയോരത്ത് നിലകൊണ്ട
പൊലീസ് എയ്ഡ് പോസ്റ്റിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 2002–ൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഒരു നഴ്സിനെയും ഡ്രൈവറിനെയുമാണ് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനായി നിയോഗിച്ചത്.
അരൂർ റോട്ടറി ക്ലബ് ആംബുലൻസ് സഹായം നൽകി. ഇവർക്കൊപ്പം 24 മണിക്കൂറും ഈ കേന്ദ്രത്തിൽ സേവനം ചെയ്യുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെയും അധികാരികൾ ചുമതലപ്പെടുത്തിയിരുന്നു.
രണ്ടുവർഷക്കാലം ദേശീയപാതയിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ യഥാസമയത്ത് രക്ഷാപ്രവർത്തനത്തിനും ആശുപത്രിയിൽ എത്തിക്കാനും ഈ സംവിധാനം ഉപയോഗിച്ചിരുന്നു.
എന്നാൽ ആംബുലൻസ് ഡ്രൈവറെ നാട്ടുകാരിലൊരാൾ ആക്രമിച്ചതോടെ ആശുപത്രി ജീവനക്കാരുടെ സേവനം നിർത്തുകയായിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ സേവനവും ഇല്ലാതായി.
ഒടുവിൽ 2010ൽ അരൂർ പഞ്ചായത്ത് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയെങ്കിലും 2015ൽ ഇതും നിലച്ചു. പിന്നീട് ദേശീയപാതയോരത്തെ ആളൊഴിഞ്ഞ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായി വെറുതേ കിടന്നു നശിച്ചു. ശുചിമുറി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്നു തള്ളുന്ന സ്ഥിതിയുമുണ്ടായി. ഇപ്പോൾ ഉയരപ്പാത നിർമാണത്തിൽ റോഡിനു വീതിക്കൂട്ടുന്നതിനും കാന നിർമിക്കുന്നതിനും ട്രോമാകെയർ കെട്ടിടം പൂർണമായും ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]