കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയെന്ന് പൊലീസ്
അമ്പലപ്പുഴ ∙ തനിച്ചു താമസിക്കുന്ന തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനി അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ.
മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻ വീട്ടിൽ അബൂബക്കർ (68) ആണു പിടിയിലായത്. പീഡനശ്രമത്തിനിടെയാണു കൊലപാതകമെന്നു പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘‘കൊല്ലപ്പെട്ട സ്ത്രീയുടെ വീടിനു സമീപത്തുള്ള തോട്ടപ്പള്ളി മുസ്ലിം ജമാഅത്ത് പള്ളിയിലെ ജീവനക്കാരനാണ് അബൂബക്കർ.
ഏഴു വർഷമായി ഇവിടെ ജോലി ചെയ്യുന്ന അബൂബക്കറിന് കൊല്ലപ്പെട്ട സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു.16ന് രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ അബൂബക്കർ അടുക്കള വാതിൽ പൊളിച്ചു അകത്തുകടന്നു.
കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്ന സ്ത്രീ പീഡനശ്രമത്തിനിടെ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മൃതദേഹം പുതപ്പുകൊണ്ടു മൂടിയ ശേഷം പ്രതി പുതപ്പിലും മുറിക്കുള്ളിലും മുളകുപൊടി വിതറി.
ഇതിനു ശേഷം വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചു. സ്ത്രീയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ ശേഷം മടങ്ങി.
’’
16ന് രാത്രി 12നും പുലർച്ചെ ഒന്നിനുമിടയിലാണു കൊലപാതമെന്നാണു പൊലീസിന്റെ നിഗമനം. 17 പകൽ സ്ത്രീയെ പുറത്തുകാണാത്തതിനെ തുടർന്നു അയൽവാസികൾ നടത്തിയ പരിശോധനയിലാണു ഇവർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കൊലപാതക വിവരമറിഞ്ഞു പൊലീസും നാട്ടുകാരും മാധ്യമങ്ങളും സംഭവ സ്ഥലത്തെത്തിയപ്പോൾ കാര്യങ്ങൾ വിശദീകരിക്കാനായി പ്രതിയും മുന്നിലുണ്ടായിരുന്നു. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഭവദിവസം രാത്രി പ്രതി സ്ത്രീയുടെ വീട്ടിൽ പോയിരുന്നതായി കണ്ടെത്തി.
പിന്നീട് ഇയാളുടെ ഫോൺ രേഖകളും പരിശോധിച്ചു.
മൂന്നു വട്ടം സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയും തെളിവുകൾ നിരത്തിയുമുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കേസിൽ കൊലപാതകത്തിനു പുറമേ പീഡനത്തിനുള്ള വകുപ്പുകളും ചുമത്തി. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നു പൊലീസ് അറിയിച്ചു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും ലഭിക്കാനുണ്ട്.
പ്രതിയെ പിടികൂടിയതിനു പിന്നിൽ പൊലീസിന്റെ അന്വേഷണ മികവ്
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനി കൊല്ലപ്പെട്ടു 5 ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടിയതിനു പിന്നിൽ പൊലീസിന്റെ അന്വേഷണ മികവ്. അമ്പലപ്പുഴ ഡിവൈഎസ്പി കെഎൻ.രാജേഷ്, ഇൻസ്പെക്ടർ എം.പ്രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘം ഞായറാഴ്ച മുതൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബുബക്കർ കഴിഞ്ഞ ദിവസം പിടിയിലായത്.
കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണാഭരണങ്ങൾ നഷ്ടമാകാതിരുന്നതിനാൽ പ്രതിയുടെ ലക്ഷ്യം മോഷണമല്ലെന്നു പൊലീസ് ഉറപ്പിച്ചിരുന്നു.
അറുപതോളം പേരെയാണു അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തത്.
പ്രതി അബൂബക്കറിനെ 3 തവണ ചോദ്യംചെയ്തു. 17 വർഷം മുൻപ് ആലപ്പുഴ നഗരത്തിലെ ചുമട്ടു തൊഴിലാളി ആയിരുന്ന അബൂബക്കർ നഗരത്തിൽ പല സ്ഥലത്തും മാറിമാറി താമസിച്ചിരുന്നു. 7 വർഷം മുൻപാണു തോട്ടപ്പള്ളിയിലെത്തിയത്.
കൊലപാതകത്തിനു ശേഷവും ഇയാൾ പ്രദേശത്തു സജീവമായിരുന്നു. ഇന്നലെ അറസ്റ്റിനു ശേഷം തെളിവെടുപ്പിനായി സംഭവസ്ഥലത്തും പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തിച്ചപ്പോഴും അബൂബക്കറിന് ഭാവഭേദവുണ്ടായിരുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]