
അടിപ്പാതകളിൽ വെള്ളക്കെട്ട്; കുതിരപ്പന്തി, മാളികമുക്ക്, കാഞ്ഞിരംചിറ അടിപ്പാതകൾ വഴി ദുരിതയാത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ കുതിരപ്പന്തി, മാളികമുക്ക്, കാഞ്ഞിരംചിറ അടിപ്പാതകൾ നിറയെ വെള്ളക്കെട്ടും ചെളിയും ചോർച്ചയും. മഴ തുടങ്ങിയതോടെ ഈ അടിപ്പാതകൾ വഴിയുള്ള യാത്ര ദുരിതമായി. അപകടങ്ങളും വർധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലരും വെള്ളക്കെട്ടിൽ വീണു. മുകളിൽ നിന്നു മണ്ണും ചെളിയും നിറഞ്ഞ വെള്ളം യാത്രക്കാരുടെ ദേഹത്ത് വീഴുകയും ചെയ്യുന്നു.
കാഞ്ഞിരംചിറ അടിപ്പാതയിൽ കഴിഞ്ഞ ദിവസം കുറെ മെറ്റൽപ്പൊടി ഇറക്കിയതിനാൽ കുഴികൾ ഇല്ലാതായി. പക്ഷേ, ചെളി പ്രശ്നവും മുകളിൽ നിന്നുള്ള ചെളിവെള്ളം വീഴുന്നതും പരിഹരിച്ചില്ല. കുതിരപ്പന്തി, മാളികമുക്ക് അടിപ്പാതകളിൽ വലിയ കുഴികൾ ഉള്ളതിനാൽ അതിൽ വെള്ളം നിറഞ്ഞതോടെ കുഴികൾ ഏതാണെന്നും എവിടെയാണെന്നും തിരിച്ചറിയാനാകുന്നില്ല.
ഇരുചക്രവാഹനങ്ങൾ കുഴിയറിയാതെ വീഴുകയാണ്. ഇരുചക്ര വാഹനങ്ങളിൽ മത്സ്യം വിൽക്കുന്ന തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ വീണതായി കാഞ്ഞിരംചിറ നിവാസികൾ പറഞ്ഞു. സ്കൂൾ തുറക്കുന്നതോടെ ഒട്ടേറെ കുട്ടികൾ ഇതുവഴി സൈക്കിളിൽ യാത്ര ചെയ്യും. അതിനു മുൻപായി അടിപ്പാതകൾ പ്രശ്നം പരിഹരിക്കണമെന്നു കൗൺസിലർ എൽജിൻ റിച്ചാർഡ് ആവശ്യപ്പെട്ടു.
അടിപ്പാതയുടെ സമീപത്തെ സർവീസ് റോഡുകൾ ഉയർന്നിരിക്കുന്നതിനാൽ മഴ പെയ്യുന്നതോടെ അടിപ്പാതയിൽ വെള്ളക്കെട്ടാകുമെന്ന് പ്രദേശവാസിയായ ടി.സി.പീറ്റർ കുട്ടി പറഞ്ഞു. ഇപ്പോൾ രണ്ടാഴ്ചയായി വെള്ളവും ചെളിയും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. മെറ്റൽ ഇളകി വലിയ കുഴികളാണ്. ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ കണ്ട് ഒട്ടേറെത്തവണ പരാതിപ്പെട്ടു. എന്നിട്ടും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.