ആലപ്പുഴ ∙ ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനെന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘നവകേരളം സിറ്റിസൻസ് റെസ്പോൺസ് പ്രോഗ്രാമി’നു ചെലവ് 20 കോടി രൂപ. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, 2026 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയാണ് ഈ സർവേ.
പരിപാടിയുടെ ആദ്യഘട്ട നടത്തിപ്പിനായാണ് 20 കോടി രൂപ അനുവദിച്ചത്.
സർവേയിൽ പങ്കാളികളാകാൻ ഓരോ തദ്ദേശ വാർഡിൽ നിന്നും 4 സന്നദ്ധ പ്രവർത്തകരെ വീതം കണ്ടെത്തും.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇൗ സർവേ ഫലത്തിൽ സർക്കാർ ചെലവിൽ നടത്തുന്ന എൽഡിഎഫ് സ്ക്വാഡ് പ്രവർത്തനത്തിനു സമാനമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സംസ്ഥാന സാമൂഹിക സന്നദ്ധസേനയിൽ പേര് റജിസ്റ്റർ ചെയ്തവരിൽ നിന്നാണ് സന്നദ്ധ പ്രവർത്തകരെ കണ്ടെത്തേണ്ടത്.
ഇൗ സേനയിൽ ഇപ്പോൾ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ബാഹുല്യമാണ്. സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് നൽകും.
പ്രതിഫലമില്ല. സർവേയിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ പ്രകടനപത്രികയിൽ ഇടംപിടിക്കുമെന്നുറപ്പാണ്.
നവകേരള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനും ജനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കാനുമുള്ള പഠനപരിപാടിയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
പദ്ധതി നടത്തിപ്പിന് 4 അംഗ സംസ്ഥാനതല ഉപദേശക സമിതിയും 9 അംഗ സംസ്ഥാനതല നിർവഹണ സമിതിയുമുണ്ട്. തദ്ദേശസ്ഥാപന തലത്തിലും (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ), അസംബ്ലി തലത്തിലും ജില്ലാ തലത്തിലും സമിതികൾ രൂപീകരിക്കും.
സംസ്ഥാന സമിതിക്ക് സമർപ്പിക്കുന്ന ക്രോഡീകരിച്ച റിപ്പോർട്ട് പരിശോധിച്ച് ശുപാർശ സർക്കാരിനു നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിൽ സംവിധാനം ഒരുക്കും. മാർച്ച് 31ന് പഠന റിപ്പോർട്ട് സർക്കാരിനു കൈമാറണം.
പരിശീലനം, മൊബൈൽ ആപ്ലിക്കേഷൻ, പ്രചാരണം, റിപ്പോർട്ട് തയാറാക്കൽ, പ്രിന്റിങ് എന്നിവ പബ്ലിക് റിലേഷൻസ് വകുപ്പ് നിർവഹിക്കും.
വീടുകൾ, ഫ്ലാറ്റുകൾ, മറ്റു വാസസ്ഥലങ്ങൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽ ശാലകൾ, ബസ് സ്റ്റാൻഡ്, വായനശാലകൾ, ക്ലബ്ബുകൾ, മറ്റു കൂട്ടായ്മകൾ എന്നിവിടങ്ങളിലൊക്കെ സർവേക്കായി എത്തും. പരിപാടിയുടെ ഏകോപനത്തിനു രൂപീകരിച്ച ജില്ലാതല സമിതി അംഗങ്ങൾക്കായി ഇന്ന് തിരുവനന്തപുരത്തു പരിശീലനമുണ്ട്. ഇതിൽ പങ്കെടുക്കുന്നവരെ മുഖ്യമന്ത്രി നേരിട്ടു കാണും.
വികസന സദസ്സ് ഫലം കണ്ടില്ല
സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനെന്ന പേരിൽ തദ്ദേശഭരണ, പബ്ലിക് റിലേഷൻസ് വകുപ്പുകൾ ചേർന്നാണു വികസന സദസ്സുകൾ നടത്തുന്നത്.
ഭാവി വികസനത്തിനുള്ള ആശയങ്ങളും നിർദേശങ്ങളും ജനങ്ങളിൽനിന്നു സ്വീകരിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ, പലയിടത്തും ഇതു പേരിനൊരു സമ്മേളനമായി ഒതുങ്ങി.
വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും സദസ്സ് നിറയ്ക്കാൻ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ വേണ്ടിവന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും പറയാൻ പലയിടത്തും സൗകര്യം ഉണ്ടായിരുന്നില്ല.
അതിന് അവസരമുണ്ടായ ചിലയിടങ്ങളിൽ പരാതികളാണ് കൂടുതലായി ഉയർന്നത്. യുഡിഎഫ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും ഈ പരിപാടിയോടു താൽപര്യം കാട്ടിയതുമില്ല.
ഭരണത്തിന്റെ അവസാനഘട്ടത്തിൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസന സദസ്സ് നടത്തേണ്ടി വന്നത് എൽഡിഎഫ് ഭരണസമിതികൾക്കും ഭാരമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

