ആലപ്പുഴ ∙ ദേശീയപാത 66ൽ ജില്ലയിൽ ഒരു അടിപ്പാതയുടെ പണി പൂർത്തിയാകുന്നു. തുറവൂർ– പറവൂർ റീച്ചിൽ വലിയകലവൂരിലെ അടിപ്പാതയും അപ്രോച്ച് റോഡുമാണു പൂർത്തിയായത്.
ഇതിനു മുകളിൽ ടാറിങ് ചെയ്തതോടെ വാഹനങ്ങൾ കടന്നുപോയിത്തുടങ്ങി. ദേശീയപാതയിൽ ജില്ലയിൽ 30ലേറെ അടിപ്പാതകൾ നിർമിക്കുന്നുണ്ടെങ്കിലും അപ്രോച്ച് റോഡ് ഉൾപ്പെടെ പൂർത്തിയായി ഗതാഗതയോഗ്യമായ ആദ്യ അടിപ്പാതയാണിത്. ഔദ്യോഗികമായി അടിപ്പാതയ്ക്കു മുകളിലൂടെ ഗതാഗതം ആരംഭിച്ചിട്ടില്ലെങ്കിലും സർവീസ് റോഡിലെ തിരക്ക് കണക്കിലെടുത്താണു കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പുതിയ പാതയിലൂടെ യാത്ര ചെയ്യുന്നത്.
പാത പൂർത്തിയായെങ്കിലും മീഡിയൻ സ്ഥാപിച്ചിട്ടില്ല.
മറ്റു സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ റോഡിൽ സൂക്ഷിച്ചിട്ടുമുണ്ട്. അതിനാൽ ഇതുവഴി വാഹനങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്നത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്.
ബലപരിശോധനയും ടാറിങ്ങും ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കിയാലാകും അടിപ്പാതയ്ക്കു മുകളിലൂടെ വാഹനയാത്രയ്ക്ക് ഔദ്യോഗിക അനുമതിയാകുക.
അടിപ്പാതയിൽ നടപ്പാത ഉൾപ്പെടെ പൂർത്തിയായി. ഇവിടെ ടാറിങ് ചെയ്ത ശേഷം ഗതാഗതം അനുവദിക്കും.
ചെറുവാഹനങ്ങൾക്കു കടന്നുപോകാനാകുന്ന അടിപ്പാതയാണ് വലിയ കലവൂരിൽ നിർമിച്ചത്. മഴയും മണ്ണിന്റെ ലഭ്യതക്കുറവും കാരണം ദേശീയപാത നിർമാണം പതിയെയാണു പുരോഗമിക്കുന്നത്. റോഡിന്റെ പാർശ്വ ഭിത്തിയുടെയും ഓടയുടെയും കോൺക്രീറ്റ് പണികളാണ് ഈ ഘട്ടത്തിൽ നടന്നിരുന്നത്.
കായലുകളിൽ നിന്നു ഡ്രജ് ചെയ്തെടുക്കുന്ന മണ്ണ് എത്തിത്തുടങ്ങിയതോടെയാണു റോഡ് ഉയർത്തുന്ന പണികൾ വീണ്ടും വേഗത്തിലായത്. എങ്കിലും അടുത്ത മാർച്ചിൽ റോഡിന്റെ നിർമാണ കാലാവധി അവസാനിക്കാനിരിക്കെ പണികൾ തീരാൻ സാധ്യതയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]