
കാർഷിക ഉൽപന്നങ്ങളിൽ നിന്ന് ലിപ് ബാമും കൺമഷിയും മുതൽ ഫെയ്സ് പാക്ക് വരെയുള്ള സൗന്ദര്യവർധക വസ്തുക്കൾ, അച്ചാറും ജാമും സ്ക്വാഷും മുതൽ ഉണങ്ങിയ പച്ചക്കറികൾ ചേർത്ത പോഷക കഞ്ഞി മിക്സ് വരെയുള്ള ഭക്ഷ്യോൽപന്നങ്ങൾ. നൂറോളം മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കാർഷിക സംരംഭക മേഖലയിൽ പുതിയ വഴി തീർക്കുകയാണ് കലവൂർ ശ്രീഭവനിൽ വിജി ഗോപാൽ.
ഓൺലൈൻ വിൽപനയ്ക്കായി സ്വന്തമായി വെബ്സൈറ്റുണ്ട്. പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലും വിജിയുടെ ഉൽപന്നങ്ങൾ ലഭിക്കും.
ഫാഷൻ ഡിസൈനിങിൽ ഡിപ്ലോമ പൂർത്തിയാക്കിയ വിജി 13 വർഷം മുൻപാണ് എവിഎസ് നാച്വറൽസ് എന്ന പേരിൽ സ്ഥാപനം ആരംഭിച്ചത്.
കൃഷിമേളകളിൽ അച്ചാറുകളും പായസവും വിൽപന നടത്തിയായിരുന്നു തുടക്കം. കിറ്റ്കോ, കൃഷി വിജ്ഞാൻ കേന്ദ്രം, കിൻഫ്ര തുടങ്ങിയ സ്ഥലങ്ങളിലെ പരിശീലനത്തിനു ശേഷമാണു നിർമാണം പുതിയ മേഖലകളിലേക്കു വ്യാപിപ്പിച്ചത്.
പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും ഉപയോഗിച്ചുള്ള സൗന്ദര്യവർധക വസ്തുക്കളാണു വിജിയുടെ സ്പെഷൽ.
ബീറ്റ്റൂട്ട് ഉപയോഗിച്ചുള്ള ലിപ്ബാം, പൂവാങ്കുരുന്നില, വെറ്റില, കയ്യൂന്നി എന്നിവയുടെ നീരിൽ മുക്കിയ തിരി കത്തിച്ചുണ്ടാക്കുന്ന ഔഷധ കൺമഷി, ബീറ്റ്റൂട്ട്, കറ്റാർവാഴ, ഓറഞ്ച് തൊലി തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന 4 ഇനം ഫെയ്സ് പാക്കുകൾ, തേനീച്ചയുടെ മെഴുകിൽ വിവിധതരം പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും ചേർത്തുണ്ടാക്കുന്ന ബോഡി ക്രീമുകൾ എന്നിവ വിപണിയിലെത്തിക്കുന്നു.
ശംഖുപുഷ്പം, പപ്പായ, ചക്ക, നെല്ലിക്ക, ബ്രഹ്മി, ജാതിക്ക തുടങ്ങിയവ ഉപയോഗിച്ചുള്ള ജാം, സ്ക്വാഷ്, മുളയരി ഉൽപന്നങ്ങൾ, ഡീഹൈഡ്രേറ്റർ യന്ത്രം ഉപയോഗിച്ചു ജലാംശം ഒഴിവാക്കിയ പച്ചക്കറികളും അരിയും ചെറുധാന്യങ്ങളും ഉപയോഗിച്ചുച്ചുള്ള ഉപ്പുമാവ് മിക്സ്, കഞ്ഞിമിക്സ്, ചാമ കഞ്ഞി മിക്സ് തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുണ്ട്. ഒപ്പം വിവിധയിനം അച്ചാറുകളും പായസം മിക്സുകളും.
വാഴപ്പിണ്ടി അച്ചാർ, വാഴക്കൂമ്പ് ചമ്മന്തിപ്പൊടി, വാഴക്കൂമ്പ് അച്ചാർ തുടങ്ങി ഓരോ കാർഷികവിളകളിൽ നിന്നും പരമാവധി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതാണു വിജിയുടെ രീതി.
പഴങ്ങളുടെയും പച്ചക്കറികളുടെയും സീസൺ അനുസരിച്ചാണു ഉൽപന്നങ്ങൾ നിർമിക്കുന്നത്. സീസൺ അനുസരിച്ചു ചക്കയിൽ നിന്നും മാങ്ങയിൽ നിന്നുമെല്ലാം അങ്ങനെ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകൾ പിറക്കും.
പ്രാദേശിക വിപണിയിൽ നിന്നും കർഷകരിൽ നിന്നു നേരിട്ടുമാണു പച്ചക്കറികൾ വാങ്ങുന്നത്.
കലവൂരിൽ വീടിനോടു ചേർന്നു തന്നെയാണ് ഭക്ഷ്യനിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. വറുക്കാനും പൊടിക്കാനും പച്ചക്കറികൾ മുറിക്കാനും ഉണക്കാനുമെല്ലാം യന്ത്രങ്ങളുണ്ട്.
ഭക്ഷ്യോൽപന്ന നിർമാണത്തിൽ പരിശീലനം നൽകുന്ന വിജി ഇതുമായി ബന്ധപ്പെട്ട 4 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മികച്ച കാർഷികസംരംഭയ്ക്കുള്ള പുരസ്കാരം കഴിഞ്ഞദിവസമാണ് ലഭിച്ചത്. ഫോൺ: 9544753290. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]