
കായംകുളം ∙ ദേശീയപാതയിൽ കരീലക്കുളങ്ങരയിൽ പാഴ്സൽ വാൻ തടഞ്ഞ് 3.24 കോടി രൂപ കൊള്ളയടിച്ച കേസിലെ ഒന്നാം പ്രതിയും തമിഴ്നാട്ടിലെ വോളിബോൾ താരവുമായ തഞ്ചാവൂർ സ്വദേശി മാരിയപ്പൻ (സതീഷ് – 34) അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് ഇയാളെ ചെന്നൈയിൽ നിന്നാണു കഴിഞ്ഞ ദിവസം പിടികൂടിയത്.
പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ആന്ധ്രയിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ നാലംഗ സ്ക്വാഡ് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.
ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊള്ളയുടെ മുഖ്യസൂത്രധാരനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
കൊള്ളമുതൽ പങ്കുവച്ചു നൽകിയതും ഇയാളാണ്. രണ്ടു മാസം നീണ്ട
ആസൂത്രണത്തിനു ശേഷമാണു പണം തട്ടിയെടുത്തത്.
ജൂൺ 13ന് പുലർച്ചെ 4.30നു രാമപുരത്തായിരുന്നു വാൻ തടഞ്ഞുള്ള കൊള്ള. ജൂൺ 20 മുതൽ മാരിയപ്പൻ ഒളിവിലായിരുന്നു.
വോളിബോൾ കളിക്കാരനെന്ന നിലയിലുള്ള ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണു പല നാടുകളിൽ ഒളിവിൽ കഴിഞ്ഞത്. ഗോവ, കർണാടക, തമിഴ്നാട്, ആന്ധ്ര പുതുച്ചേരി എന്നിവിടങ്ങളിലെല്ലാം ഒളിവിൽ കഴിഞ്ഞു.
ചെന്നെത്തുന്ന സ്ഥലത്ത് അപരിചിതരുടെ ഫോണിലാണ് ഇയാൾ ബന്ധുക്കളെ ഉൾപ്പെടെ വിളിച്ചിരുന്നത്.
ഫോൺ വിളികൾ പിന്തുടർന്ന് പൊലീസ് എത്തുമ്പോഴാണ് ഇക്കാര്യം മനസ്സിലാവുക. ഫോൺ ഉടമകൾക്കൊന്നും ഇയാളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
ഈ സ്ഥലങ്ങളിലെല്ലാം പൊലീസ് പല സ്ക്വാഡുകളായി തങ്ങി രഹസ്യനീക്കങ്ങൾ നടത്തിയാണ് ഒടുവിൽ മാരിയപ്പനെ വലയിലാക്കിയത്. 54 ലക്ഷം രൂപ താൻ ചെലവാക്കിയെന്നും ഒരു കോടി രൂപ മറ്റൊരാളെ ഏൽപിച്ചെന്നും മാരിയപ്പൻ പൊലീസിനോടു പറഞ്ഞു.
ആരെയാണ് ഏൽപിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ല.
കേസിൽ മാരിയപ്പന്റെ സഹോദരൻ ഭരത്രാജ് പഴനിയടക്കം 4 പേർ ഇതുവരെ അറസ്റ്റിലായി. കൊള്ളയിൽ പങ്കുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടർന്നു തമിഴ്നാട്ടിലെ 2 ന്യൂനപക്ഷമോർച്ച നേതാക്കളെ സംഘടനയിൽനിന്നു പുറത്താക്കിയിരുന്നു. മാരിയപ്പനെ കസ്റ്റഡിയിൽ ലഭിക്കാൻ കരീലക്കുളങ്ങര പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും. കവർച്ചാസംഘത്തിലെ നാലുപേരെക്കൂടി പിടികൂടാനുണ്ട്.
സല്യൂട്ട്, ആലപ്പുഴ സ്ക്വാഡ്: മാരിയപ്പൻ വലയിലായത് രണ്ടുമാസം നീണ്ട
ഒളിച്ചുകളിക്കു ശേഷം
കായംകുളം ∙ പല സംസ്ഥാനങ്ങളിലായി രണ്ടുമാസം നീണ്ട ഒളിച്ചുകളി, പിന്തുടർന്നെത്തിയാൽ ഒരു തെളിവും ബാക്കിവയ്ക്കാതെയുള്ള നീക്കം.
ഒടുവിൽ പൊലീസിന്റെ പ്രത്യേക സ്ക്വാഡിന്റെ വലയിൽത്തന്നെ മാരിയപ്പൻ (സതീഷ് -34) വീണു. കഷ്ടപ്പാടും സാഹസവും നിറഞ്ഞതായിരുന്നു പൊലീസിന്റെ യാത്രകൾ.
വേഷപ്രച്ഛന്നരായി ബസിലും ട്രെയിനിലും ഏറെ യാത്ര ചെയ്തു.പൊലീസാണെന്നു വെളിപ്പെടുത്താതെയായിരുന്നു പല നീക്കങ്ങളും. ജില്ലാ പൊലീസ് മേധാവി എം.പി.
മോഹന ചന്ദ്രൻ, കായംകുളം ഡിവൈഎസ്പി ടി.ബിനുകുമാർ, കരീലക്കുളങ്ങര എസ്എച്ച്ഒ ജെ.നിസാമുദ്ദീൻ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.
ഗോവ, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ മാരിയപ്പൻ താമസിച്ചതായി ഇയാൾ നാട്ടിലേക്കു വിളിച്ച ഫോൺകോളുകൾ പിന്തുടർന്നെത്തിയ പൊലീസ് സ്ക്വാഡിനു മനസ്സിലായി. സ്ക്വാഡിലെ എസ്ഐ ബജിത് ലാൽ, സിപിഒമാരായ ഷാനവാസ്, നിഷാദ്, അഖിൽ മുരളി എന്നിവർ 2 മാസം ഈ സംസ്ഥാനങ്ങളിൽ രഹസ്യ ഓപ്പറേഷൻ നടത്തി.
കേസിൽ നേരത്തെ 4 പ്രതികളെ ഇവിടങ്ങളിൽ നിന്നു പിടികൂടിയിരുന്നു.
കൊള്ളയ്ക്കു ശേഷം സംഘം വേർപിരിഞ്ഞു പല സംസ്ഥാനങ്ങളിലായി ഒളിവിൽ പോയതു പൊലീസിന്റെ അധ്വാനം കൂട്ടി. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണു മുഖ്യപ്രതി മാരിയപ്പനാണെന്നു മനസ്സിലായത്.
ഒളിവിടങ്ങളിൽ ഇയാൾ ഉപയോഗിച്ച സിംകാർഡുകളുടെ ഉടമകളെ പൊലീസ് കണ്ടെത്തി. മാരിയപ്പനെ ചിത്രം കണ്ട് അവർ തിരിച്ചറിഞ്ഞു.
ചെന്നൈയിൽ വല മുറുക്കി
ഈ മാസം 14നു മാരിയപ്പൻ ചെന്നൈ ബസ് സ്റ്റാൻഡിനു സമീപം ഒരാളുടെ ഫോൺ വാങ്ങി ഉപയോഗിച്ചതു പൊലീസ് കണ്ടെത്തി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മാരിയപ്പൻ ടാക്സിയിൽ കയറി പോകുന്നു. 100 കിലോമീറ്റർ യാത്ര ചെയ്തു ടാക്സി ഡ്രൈവറെ കണ്ടെത്തി.
മാരിയപ്പനും സുഹൃത്തും 20 കി.മീ. ദൂരം പിന്നിട്ടപ്പോൾ വഴിയിൽ ഇറങ്ങിയെന്നു ഡ്രൈവർ പറഞ്ഞു.
ആ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വലിയ കെട്ടിടത്തിലേക്ക് ഇയാൾ പോകുന്നു.
നേരെ എതിർവശത്തെ കടയിലെ ക്യാമറയിൽ നിന്നു ബുധനാഴ്ച വരെയുള്ള ദൃശ്യങ്ങൾ ശേഖരിച്ചു. 20നു രാവിലെ മറ്റൊരാളോടൊപ്പം പുറത്തു പോയ മാരിയപ്പൻ വൈകിട്ടു 3ന് ആ കെട്ടിടത്തിൽ കയറാതെ നടന്നുപോകുന്ന ദൃശ്യം കിട്ടി.
കയ്യിൽ ബാഗും ഉണ്ടായിരുന്നു.ഇയാൾ സ്ഥലം വിടുകയാണെന്നു മനസ്സിലാക്കി പൊലീസ് സംഘം പിന്തുടർന്നു. സംശയം തോന്നിയ മാരിയപ്പൻ കുറെ ദൂരം ഓടിയെങ്കിലും പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]