
മാവേലിക്കര ∙ നിർമാണത്തിനിടെ കീച്ചേരിക്കടവ് പാലം തകർന്ന് 2 പേർ മരിച്ചിട്ട് 18 ദിവസമാകുമ്പോഴും തുടർ നടപടി സംബന്ധിച്ചു നിർദേശം ലഭിക്കാത്തതിനാൽ പുനർനിർമാണം വൈകുന്നു. ഈ മാസം ഓഗസ്റ്റ് 4ന് ഉച്ചയ്ക്ക് 1.15ന് ആണു ഗർഡർ കോൺക്രീറ്റിങ് ജോലിക്കിടെ പാലം തകർന്നു വീണത്.
അപകടത്തിൽ കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക് (കിച്ചു–24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻ ചിറയിൽ ബിനു ഭവനം ജി.ബിനു (42) എന്നിവർ മരിച്ചിരുന്നു.
സംഭവത്തിന്റെ അഞ്ചാം ദിവസം പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ, മാന്നാർ സെക്ഷൻ അസി.എൻജിനീയർ, ഓവർസീയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും നിർമാണത്തിനു കരാർ എടുത്ത കൊല്ലം സ്വദേശി ഇബ്രാഹിംകുട്ടിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.
സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കു പകരം അസി.
എക്സിക്യൂട്ടീവ് എൻജിനീയർ കസേരയിൽ മാത്രമാണു പകരം ആളെത്തിയത്. മാന്നാർ സെക്ഷൻ അസി.എൻജിനീയർ, ഓവർസീയർ കസേരകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഹരിപ്പാട് സെക്ഷൻ അസി.എൻജിനീയർക്കു മാന്നാറിന്റെ അധിക ചുമതല കൂടി കൊടുത്തതല്ലാതെ മറ്റു നടപടികൾ ആയിട്ടില്ല.
പാലം നിർമാണത്തിന്റെ തുടർനടപടി സംബന്ധിച്ചു നിർദേശം ലഭിച്ചിട്ടില്ല. ഇതിനാൽ ബാക്കി പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നു പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ പറഞ്ഞു.
ഇതിനായി ചീഫ് എൻജിനീയർ തലത്തിലേക്കു കത്ത് നൽകാൻ പൊതുമരാമത്ത് ഡിവിഷൻ അധികൃതർ ആലോചിക്കുന്നുണ്ട്. തകർന്നു വീണ തട്ടുകളും മറ്റും ആറ്റിൽ നിന്നെടുത്തു കരയിൽ എത്തിക്കുന്നതു സംബന്ധിച്ചും തീരുമാനമായില്ല.
തകർന്ന തട്ടിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ആറ്റിൽ
കീച്ചേരിക്കടവ് ∙ ഗർഡർ കോൺക്രീറ്റ് ചെയ്യുന്നതിനായി സ്ഥാപിച്ച തട്ട് തകർന്ന് അച്ചൻകോവിലാറ്റിൽ കിടക്കുകയാണ്. കോൺക്രീറ്റ് മിക്സ്ചർ പാലത്തിലേക്ക് എത്തിക്കാനായി സ്ഥാപിച്ച പൈപ്പും ആറ്റിൽ വീണു കിടക്കുന്നു.
പായലും മറ്റും ഇവിടെ തടഞ്ഞു കിടപ്പുണ്ട്. പാലം ഇനി പൂർത്തിയാക്കുമോ എന്ന ആശങ്ക പ്രദേശവാസികളിൽ ശക്തമാണ്.
ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിനു കുറുകെ പാലം നിർമിക്കാൻ 2021 നവംബർ 6നു കൊല്ലം സ്വദേശി ഇബ്രാഹിംകുട്ടിയാണു കരാർ എടുത്തത്.
ഒന്നര വർഷത്തേക്കായിരുന്നു കരാർ. നിർമാണം പൂർത്തിയാകാത്തതിനാൽ കരാർ കാലാവധി ദീർഘിപ്പിച്ചു നൽകി.
നാലേമുക്കാൽ വർഷം ആകുമ്പോഴും പാലം പ്രതീക്ഷയായി മാത്രം അവശേഷിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]