ആലപ്പുഴ ∙ ‘‘ഞങ്ങൾക്കു നെഹ്റു ട്രോഫി വള്ളംകളി കഴിയുന്നതു വരെ ഉറക്കമില്ല’’ മേൽപാടത്തുകാർ വെറുതേ പറയുകയല്ല, അവർ വർഷങ്ങൾ കാത്തിരുന്നു നിർമിച്ച ചുണ്ടൻ വള്ളത്തിന്റെ ട്രയൽ കാണാനായി ദിവസവും രാവിലെയും വൈകിട്ടുമായി 60 കിലോമീറ്ററോളമാണു സഞ്ചരിക്കുന്നത്. ‘‘ഞങ്ങളുടെ മുത്തല്ലേ പള്ളാത്തുരുത്തിയിൽ ട്രയൽ എടുക്കുന്നത്’’– മേൽപാടം ചുണ്ടൻ പ്രവാസി അസോസിയേഷൻ കമ്മിറ്റിയംഗം ബബി മേൽപാടം പറയുന്നു.
വീയപുരം പഞ്ചായത്തിലെ മറ്റെല്ലാ കരക്കാരും ചുണ്ടൻവള്ളം നിർമിച്ചെങ്കിലും മേൽപാടത്തുകാർക്ക് ഏറെക്കാലമായി വള്ളമുണ്ടായിരുന്നില്ല.
വീയപുരം പഞ്ചായത്തിലെ 3, 4, 5 വാർഡുകളും മാന്നാർ പഞ്ചായത്തിലെ 1, 2 വാർഡുകളും ചേരുന്ന ഭാഗത്തെ 800ലേറെ ഓഹരിയുടമകൾ ചേർന്നാണു വള്ളം നിർമിച്ചത്.
2024 മേയ് 10നു നീരണഞ്ഞ ചുണ്ടന്റെ രണ്ടാമത്തെ നെഹ്റു ട്രോഫിയാണിതെന്നു വള്ളസമിതി വൈസ് പ്രസിഡന്റ് ഐപ്പ് ചക്കിട്ടയിൽ പറയുന്നു. മേൽപാടത്തുകാരുള്ള യൂറോപ്പിലും യുഎസിലും ഉൾപ്പെടെ മേൽപാടം ചുണ്ടന് ആരാധകരുണ്ടെന്നു വള്ളസമിതി സെക്രട്ടറി ഷിബു വർഗീസ് പറയുന്നു.
കേരളത്തിനു പുറത്തു മേൽപാടം ചുണ്ടൻ പ്രവാസി അസോസിയേഷനു 7 റീജനുകളുണ്ട്
ചുണ്ടന്റെ പരിശീലനത്തിനായി പണം കണ്ടെത്താൻ ആടു ലേലവും മേൽപാടത്തുകാർ നടത്തി. ലേലത്തിൽ ഒരു ആടിനെ വിറ്റുപോയത് ഒരു ലക്ഷം രൂപയ്ക്ക്!
നെഹ്റു ട്രോഫിയിൽ ഒരു വർഷം മാത്രം മത്സരിച്ച പുത്തൻ വള്ളമാണെങ്കിലും അപ്പർകുട്ടനാട്, നീരേറ്റുപുറം, മാന്നാർ വള്ളംകളികളിൽ ആദ്യ വർഷം തന്നെ മേൽപാടം കിരീടം നേടി.
ചുണ്ടൻ ആദ്യമായി മത്സരിച്ച അപ്പർ കുട്ടനാട് ജലോത്സവത്തിൽ കിരീടം നേടിക്കൊടുത്ത പിബിസി പള്ളാത്തുരുത്തിയാണ് ഇത്തവണ നെഹ്റു ട്രോഫിയിൽ സാരഥികൾ. നെഹ്റു ട്രോഫിയുമായേ ചുണ്ടൻ ഇനി മേൽപാടത്തിനുള്ളൂ എന്നാണു വള്ളസമിതി പ്രസിഡന്റ് കെ.കെ.കുട്ടപ്പൻ, ട്രഷറർ സജി നാൽപത്തഞ്ചിൽ, വൈസ് പ്രസിഡന്റ് ജനാർദനൻ ജ്യോതിസ് എന്നിവർ ഉറപ്പിച്ചു പറയുന്നത്.
ചുണ്ടനു പിന്നാലെ മേൽപാടത്തിനു സ്വന്തമായി ഒരു ക്ലബ്ബും ആരംഭിക്കണമെന്നാണു കരക്കാരുടെ ആഗ്രഹം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]