ആലപ്പുഴ ∙ നഗരത്തിലെ വനിതാ ശിശു വികസന ഓഫിസുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശം ലഭിച്ചത് പരിഭ്രാന്തി പരത്തി. ആലപ്പുഴ കോൺവന്റ് ജംക്ഷനിലെ ലത്തീൻ പള്ളി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലാണ് ഇന്നലെ രാവിലെ 8ന് ഇ-മെയിൽ വഴി ബോംബ് ഭീഷണിയെത്തിയത്.
തുടർന്ന് വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ നഗരത്തിൽ പ്രവർത്തിക്കുന്ന നഗരത്തിലെ ആറ് ഓഫിസുകളിൽ ജീവനക്കാരെ ഒഴിപ്പിച്ച ശേഷം പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 1.45ന് ബോംബ് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാരെല്ലാം പുറത്തിറങ്ങണമെന്നുമായിരുന്നു ഇംഗ്ലിഷിലുള്ള സന്ദേശം ലഭിച്ചത്.
മദ്രാസ് ടൈഗേഴ്സ് എന്ന മെയിലിൽ നിന്നാണ് സന്ദേശമെത്തിയത്.
എന്നാൽ ഉച്ചയോടെയാണ് ഇമെയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. മറ്റേതോ ഭാഷയിൽ നിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തതുപോലെയായിരുന്നു സന്ദേശം.
വാക്കുകളുടെ ഘടനയിലും തെറ്റുകളുണ്ടായിരുന്നു.
തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. 15ൽ അധികം ജീവനക്കാരാണ് ഈ സമയം ഓഫിസിലുണ്ടായിരുന്നത്.
ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തി.
കെ-ഒമ്പത് സ്ക്വാഡിലെ പൊലീസ് നായ ജാമിയുമുണ്ടായിരുന്നു.
ഇരുമ്പുപാലത്തിനു സമീപത്തെ ജില്ലാ വനിത ശിശുവികസന ഓഫിസ്, ജെൻഡർ പാർക്കിലെ സഖി വൺ സ്റ്റോപ് സെന്റർ, കോൺവന്റ് ജംക്ഷനിലെ ചൈൽഡ് ഹെൽപ് ലൈൻ സെന്റർ, കിടങ്ങാംപറമ്പ് ഐസിഡിഎസ് ഓഫിസ്, മിനി സിവിൽ സ്റ്റേഷനിലെ വനിതാ ശിശു സംരക്ഷണ ഓഫിസ് എന്നിവിടങ്ങളിലാണ് പരിശോധനകൾ നടന്നത്.
മറ്റു ജില്ലകളിൽ ലഭിച്ച ബോംബ് ഭീഷണി സന്ദേശത്തിന്റെ ഇ–മെയിൽ ആലപ്പുഴയിലേക്കും ഫോർവേഡ് ചെയ്ത നിലയിലായിരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു. സൗത്ത് പൊലീസ് കേസെടുത്തു.
ആലപ്പുഴയ്ക്കു പുറമെ എറണാകുളം, കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളിലെ ജില്ലാ വനിതാ, ശിശു വികസന ഓഫിസുകൾക്കു നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]